ബഹിരാകാശത്തേക്ക് മലയാളിയുടെ കന്നിയാത്ര 14ന്

പാലക്കാട്: ബഹിരാകാശത്തെന്നുന്ന ആദ്യ മലയാളിയെന്ന ബഹുമതിക്ക് തൊട്ടരികെ മലയാളി വേരുകളുള്ള യു.എസിലെ നാസ ശാസ്ത്രജ്ഞൻ ഡോ. അനിൽ മേനോൻ. ജൂലായ് 14നാണ് യാത്ര.

നാസയുടെ എമർജൻസി മെഡിസിൻ ഡോക്ടറും യു.എസ് സ്‌പേസ് ഫോഴ്സ് കേണലുമാണ്ഈ 49 കാരൻ. കസാക്കിസ്ഥാനിലെ ബൈക്കോണൂർ കോസ്‌മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എം.എസ് 29 പേടകത്തിലാണ് എക്സ്‌പെഡിഷൻ 75 ദൗത്യത്തിന്റെ ഭാഗമായി മൂന്നംഗ സംഘം യാത്ര തിരിക്കുക. റഷ്യയിലെ റോസ്‌കോസ്‌മോസ് ശാസ്ത്രജ്ഞരായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് സഹയാത്രികർ.എട്ട് മാസത്തെ ദൗത്യമാണ്.

2014ൽ നാസയിൽ ഫ്‌ളൈറ്റ് സർജനായാണ് അനിലിന്റെ തുടക്കം. എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടറായ അനിൽ ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായാണ് പ്രവർത്തിച്ചിരുന്നത്. മെക്കാനിക്കൽ എൻജിനീയറും യുണൈറ്റഡ് സ്റ്റേറ്റ്സ് സ്‌പേസ് ഫോഴ്സിലെ കേണലുമാണ്. 2018ലാണ് അനിൽ സ്‌പേസ്എക്സിൽ ചേരുന്നത്.

 

 ചേറ്റൂർ കുടുംബാംഗം

ഒറ്റപ്പാലത്ത് കുടുംബ വേരുകളുള്ള അനിൽ മേനോൻ ചേറ്റൂർ സർ ശങ്കരൻ നായരുടെ പേരക്കുട്ടിയുടെ മകനാണ്. അച്ഛൻ ശങ്കരൻ മേനോൻ പഠനത്തിനായി യു.എസിലെത്തി. യുക്രൈൻ സ്വദേശിനിയായ എലിസബത്ത് സാമോലെങ്കോയെ വിവാഹം കഴിച്ചു. യു.എസിലെ മിനിയാപോളീസിലാണ് അനിലിന്റെ ജനനം. അനിലിന്റെ ഭാര്യ അന്ന മേനോനും ബഹിരാകാശ സഞ്ചാരിയാണ്. അന്ന മേനോൻ 2024 സെപ്തംബറിൽ സ്‌പേസ്എക്സ് പോളാരിസ് ഡോൺ സ്വകാര്യ ദൗത്യത്തിന്റെ ഭാഗമായി അഞ്ച് ദിവസം ഭ്രമണപഥത്തിൽ സഞ്ചരിച്ചിരുന്നു.

 

 അനിലിന്റെ ദൗത്യം

ബഹിരാകാശ വാസം മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് അനിൽ മേനോൻ നേതൃത്വം നൽകും. രക്തയോട്ടം, സിരകളുടെ ഘടന, മൈക്രോഗ്രാവിറ്റിയിൽ രക്തത്തിന്റെ ഘടനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയാണ് പ്രധാന പഠനവിഷയങ്ങൾ. ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഇൻട്രാവീനസ് ദ്രാവകങ്ങൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയും പരീക്ഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *