കണ്ണൂർ: അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു സംഭവത്തിൽ വിശദീകരണവുമായി ബേബി മെമ്മോറിയൽ ആശുപത്രി. കുഞ്ഞിന്റെ മരണത്തിൽ അതിയായ ദുഃഖം രേഖപെടുത്തുന്നുവെന്നും മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് കുഞ്ഞിനു വൈദ്യസഹായം നൽകിയതെന്നും അധികൃതർ വ്യക്തമാക്കി. ലഭ്യമായ എല്ലാ ആധുനിക ചികിത്സാ സഹായങ്ങളും കുഞ്ഞിന് നൽകിയെന്ന് ചൂണ്ടിക്കാട്ടിയ ആശുപത്രി അധികൃതർ നിയമാനുസൃത നടപടികൾക്ക് എല്ലാവിധ പിന്തുണ നൽകുമെന്നും വിശദമാക്കി.
ഇന്നലെ രാത്രിയാണ് പയ്യന്നൂർ സ്വദേശി സൂരജിന്റെയും വിജിഷയുടെയും മകൻ ദേവാന്‍ഷ് ശൗര്യ മരിച്ചത്. കളിക്കുന്നതിനിടെ ചുണ്ടും താടിയും മുറിഞ്ഞതിനെത്തുടർന്ന് സ്റ്റിച്ച് ഇടാനാണ് അനസ്തേഷ്യ നൽകിയത്. പിന്നാലെയാണ് കുട്ടി ഗുരുതരാവസ്ഥയിലാവുകയായിരുന്നു. ചികിത്സ പിഴവ് ആരോപിച്ചു കുടുംബം നൽകിയ പരാതിയിൽ ആശുപത്രിയിലെ ഡോക്‌ടർ അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസ് എടുത്തു. എട്ടുവർഷം കാത്തിരുന്ന ശേഷം ഉണ്ടായ കുട്ടിയാണ് ദേവാൻഷ്.
സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും അപ്രതീക്ഷിതമായി കുട്ടിക്ക് ആരോഗ്യ പ്രശ്‌നം ഉണ്ടായെന്നുമാണ് ആശുപത്രി അധികൃതർ നേരത്തേ നൽകിയ വിശദീകരണം. പോസ്റ്റ്‌മോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളേജിൽ ഇന്ന് നടക്കും. കഴിഞ്ഞ ഞായറാഴ്ചയാണ് കളിക്കുന്നതിനിടെ വീണ് മുഖത്ത് മുറിവേറ്റ കുഞ്ഞിനെ പയ്യന്നൂര്‍ ബേബി മെമ്മോറിയൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.