മേയര്‍ വിവി രാജേഷിന്റെ കാലിന് പ്ലാസ്റ്ററിട്ടു; ഡെപ്യൂട്ടി മേയര്‍ക്കും പരിക്ക്, 16 പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു. പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡെപ്യൂട്ടി മേയര്‍ ജി എസ് ആശാനാഥും ചികിത്സ തേടിയിട്ടുണ്ട്. സത്യപ്രതിജ്ഞാ വിവാദത്തിലാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
മേയര്‍ വി വി രാജേഷിനെ ഓഫീസില്‍ കയറാന്‍ അനുവദിക്കാതെ സിപിഎം കൗണ്‍സിലര്‍മാര്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഓഫീസിലേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലുംപെട്ട് മേയറും മുതിര്‍ന്ന നേതാവ് വഞ്ചിയൂര്‍ ബാബുവും നിലത്തുവീഴുകയായിരുന്നു. ബലം പ്രയോഗിച്ചുള്ള സമരം അംഗീകരിക്കില്ലെന്ന് മേയര്‍ വ്യക്തമാക്കി. അനാവശ്യ പ്രകോപനം സിപിഎം കൗണ്‍സിലര്‍മാരുടെ ഭാഗത്തുനിന്നുണ്ടായി. രാവിലെ മുതല്‍ മേയറെ കാണാനെത്തിയവരെ തടഞ്ഞു. ബിജെപിയുടെ വനിതാ കൗണ്‍സിലര്‍മാരെ ആക്രമിച്ചു. തനിക്ക് കാലിന് പരിക്കേറ്റുവെന്നും മേയര്‍ വ്യക്തമാക്കുകയായിരുന്നു.
സിപിഎമ്മിന്റെയും ബിജെപിയുടെയും രണ്ട് കൗണ്‍സിലര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സിപിഎം കാട്ടായിക്കോണം കൗണ്‍സിലര്‍ സിന്ധു ശശി, ബിജെപി കൗണ്‍സിലര്‍ ദീപ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സിന്ധുവിന്റെ തലയ്ക്കാണ് പരിക്കേറ്റത്. തലയില്‍ നാല് സ്റ്റിച്ചുണ്ട്. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ച പൊലീസിനെതിരെയും മര്‍ദ്ദനമുണ്ടായി. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *