പിതാവിന്റെയും യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ രക്തത്തിനും പകരം വീട്ടുമെന്ന് മൊജ്‌തബ

ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് മകനും പുതിയ പരമോന്നത നേതാവുമായ മൊജ്തബ ഖമനേയി. അലി ഖമനേയിയുടെ വിയോഗത്തിന് മാസങ്ങൾക്ക് ശേഷം നടന്ന സംസ്‌കാര ചടങ്ങുകളോടനുബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട സന്ദേശത്തിലാണ് മൊജ്തബ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പിതാവിന്റെയും യുദ്ധത്തിൽ മരിച്ച മറ്റ് രക്തസാക്ഷികളുടെയും മരണത്തിന് പ്രതികാരം ചെയ്യണമെന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘രക്തസാക്ഷിയായ നേതാവിന്റെയും ഈ രണ്ട് യുദ്ധങ്ങളിൽ കൊല്ലപ്പെട്ട മറ്റ് രക്തസാക്ഷികളുടെയും രക്തത്തിന്, അപമാനിതരായ ആ ക്രിമിനൽ കൊലയാളികളോട് ഞങ്ങൾ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നു,’ മൊജ്തബ ഖമനേയി സന്ദേശത്തിൽ പറഞ്ഞു. ഇറാൻ ഇതിന് തീർച്ചയായും പ്രതികാരം ചെയ്യുമെന്നും, അത് തന്റെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ സാന്നിധ്യത്തെ ആശ്രയിച്ചല്ല ഇരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും ആ പ്രതികാരം നടപ്പാക്കപ്പെട്ടിരിക്കും,’ അദ്ദേഹം കുറിച്ചു.

 

ഇറാനിലും ഇറാഖിലും ഉടനീളം ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത വിലാപയാത്രകളെ അദ്ദേഹം പ്രശംസിച്ചു. ടെഹ്‌റാൻ, കോം, നജാഫ്, കർബല, മഷാദ് എന്നിവിടങ്ങളിൽ ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്ന രീതിയിൽ ജനങ്ങൾ തടിച്ചുകൂടിയതിന് മൊജ്തബ നന്ദി അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 28ന് ടെഹ്‌റാനിലെ ഓഫീസിന് നേരെ നടന്ന യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിലാണ് അലി ഖമനേയി കൊല്ലപ്പെട്ടത്. തുടർന്ന് മാസങ്ങൾക്ക് ശേഷമാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. വ്യാഴാഴ്ച രാത്രി വൈകി മഷാദിലെ ഇമാം റെസ പുണ്യസങ്കേതത്തിലായിരുന്നു അലി ഖമനേയിയുടെ ഭൗതികശരീരം അടക്കം ചെയ്തത്.

മൊജ്തബയുടെ പ്രസ്താവന പുറത്തുവരുന്നതിന് തലേദിവസം ഇറാൻ തന്നെ വധിക്കാൻ പദ്ധതിയിടുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. ഇറാന്റെ വധഭീഷണി പട്ടികയിൽ താൻ ദീർഘകാലമായി ഉണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി. ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *