തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്‌യുടെ സംവിധാന അരങ്ങേറ്റ ചിത്രമായ ‘സിഗ്മ’യുടെ റിലീസ് മാറ്റിയേക്കും. ജുലൈ 31-നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, സെൻസർ ബോർഡിന്റെ തടസ്സങ്ങൾ നീങ്ങി വിജയ് ചിത്രം ‘ജനനായകൻ’ റിലീസിനൊരുങ്ങവെയാണ് ‘സിഗ്മ’ റിലീസ് മാറ്റിയേക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്.
ജൂലൈ 24-നാണ് ‘ജനനായകൻ’ റിലീസ്. വിജയ് ചിത്രവുമായുള്ള ക്ലാഷ് ഒഴിവാക്കാനാണ് ‘സിഗ്മ’യുടെ റിലീസ് മാറ്റാനുള്ള നീക്കം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഓഗസ്റ്റിൽ ‘സിഗ്മ’ തിയേറ്ററിൽ എത്തിക്കാനാണ് നീക്കം.
അതിനിടെ, ജേസൺ അഭിനയത്തിലും അരങ്ങേറ്റം കുറിക്കുന്ന ചിത്രം ഉടൻ റിലീസ് ചെയ്‌തേക്കുമെന്നാണ് വിവരം. ലൈക പ്രൊഡക്ഷൻസ് ആണ് ‘സിഗ്മ’ നിർമിക്കുന്നത്. ജി.കെ.എം. തമിഴ് കുമരൻ ആണ് ലൈക പ്രൊഡക്ഷൻസിന് നേതൃത്വം നൽകുന്നത്. അദ്ദേഹം തന്നെയാവും ജേസൺ നായകനായി അരങ്ങേറുന്ന ചിത്രവും നിർമിക്കുക എന്നാണ് വിവരം. സുഭാസ്‌കരൻ ആണ് ‘സിഗ്മ’യുടെ നിർമാതാവ്.
സന്ദീപ് കിഷൻ നായകനാകുന്ന ‘സിഗ്മ’ ഹീസ്റ്റ് എന്റർടെയ്‌നറായാണ് ഒരുങ്ങുന്നതെന്നാണ്‌സൂചന. തമിഴ്‌നാട്ടിലും തായ്‌ലൻഡിലുമായാണ് ചിത്രീകരണം പൂർത്തിയായത്. എസ്. തമൻ സംഗീതം നൽകുന്ന ചിത്രത്തിൽ ഫരിയാ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അൻപ് ദാസൻ, യോഗ് ജാപി, മഗാലക്ഷ്മി സുന്ദരം, ഷീല രാജ്കുമാർ, കമലേഷ്, കിരൺ കൊണ്ട തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.