തെഹ്റാൻ: ഇറാനിലെ തീരദേശ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ഡ്രോൺ സൈറ്റുകൾ എന്നിവ തകർത്തതായി അമേരിക്കൻ സൈന്യം. യു.എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഒന്നിലധികം ‘വൺ-വേ അറ്റാക്ക് സർഫേസ് ഡ്രോണുകൾ’ ഉപയോഗിച്ച് ഇറാനിലെ അന്തർവാഹിനി, കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം എന്നിവക്ക് നേരെ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുഎസ് പുറത്തു വിട്ടിട്ടുണ്ട്.
‘കോർസെയർ’ വിഭാഗത്തിൽപ്പെട്ട മൂന്ന് ആളില്ലാ ഉപരിതല ഡ്രോണുകളാണ് ഉപയോഗിച്ചത്. യു.എസ് സൈനിക ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരത്തിലുള്ള സമുദ്ര ഡ്രോണുകൾ നേരിട്ടുള്ള യുദ്ധത്തിൽ ഉപയോഗിക്കുന്നത്. ബുശെർ, ചാബഹാർ, ജാസ്ക്, കൊനാരക്, അബു മൂസ, ബന്ദർ അബ്ബാസ് എന്നീ തന്ത്രപ്രധാനമായ മേഖലകളിൽ അഞ്ച് മണിക്കൂർ നീണ്ടുനിന്ന കനത്ത ആക്രമണമാണ് അമേരിക്കൻ സേന നടത്തിയത്. ആക്രമണത്തിൽ ഇറാനു വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്.
അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഈ ആക്രമണം. വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ പ്രതിരോധിക്കാനും, ഭാവിയിൽ ഇത്തരം ആക്രമണങ്ങൾക്കുള്ള ഇറാനിയൻ ശേഷി ഇല്ലാതാക്കാനുമാണ് അമേരിക്ക ഈ നടപടി സ്വീകരിച്ചതെന്ന് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു.