വരൾച്ച രൂക്ഷം, കർണാടകയിൽ വിളകൾ വാടിക്കരിയുന്നു; ഓണക്കാലത്ത് പച്ചക്കറി, പൂക്കൾ വരവ് കുറയാൻ സാധ്യത

പുൽപള്ളി ∙ അതിരൂക്ഷമായ വരൾച്ചയിൽ കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയതോടെ ഇത്തവണ ഓണക്കാലത്തെ പച്ചക്കറി, പൂക്കൾ ഉൽപാദനം ഗണ്യമായി കുറയുമെന്ന ആശങ്ക. കേരളത്തിലേക്കാൾ മഴക്കുറവ് അനുഭവപ്പെടുന്ന കന്നഡ ഗ്രാമങ്ങളിൽ സർവ വിളകളും വാടിയുണങ്ങുന്നു. ജലസേചനം നടത്താത്ത കൃഷികളൊന്നുമില്ല. ഓണവിപണി മുന്നിൽ കണ്ട് വിത്തിട്ടവരും തൈകൾ നടാത്തവരുമെല്ലാം നിരാശരാണ്. കാലവർഷക്കാലത്ത് ലഭിക്കുന്ന മഴയെ ആശ്രയിച്ചാണ് മൈസൂരു, ചാമരാജ് നഗർ, കുടക് ജില്ലകളിൽ ഇടവിള കൃഷികൾ നടത്തുന്നത്. 3 മാസംകൊണ്ട് ആദായമെടുക്കുന്ന ധാന്യങ്ങൾ, പച്ചക്കറികൾ , പൂക്കൾ എന്നിവയ്ക്കാണ് കനത്ത നാശം.

മുത്താറി, പരുത്തി, ചോളം, കരിമ്പ്, വിവിധതരം പച്ചക്കറികൾ, പൂക്കൾ എന്നിവയാണ് ഈ സമയത്തെ വിളകൾ. നന്നായി വിളഞ്ഞ് ആദായമെടുക്കേണ്ട സമയത്താണ് തീരെ മഴ ലഭിക്കാത്തത്. വൻതുക മുടക്കി കൃഷിയിറക്കിയവർക്കും കാര്യമായ നഷ്ടമുണ്ടായി.ഗ്രാമങ്ങളിലെ കുളങ്ങളും ചിറകളും ശുഷ്കമാണ്.സ്വന്തമായുള്ള കുഴൽകിണറുകളിൽ നിന്നു കഷ്ടിച്ചാണ് കുടിവെള്ളം ലഭിക്കുന്നത്.കത്തുന്ന പകൽചൂടിൽ എല്ലാത്തരം കൃഷികൾക്കും സമ്പൂർണ നാശമുണ്ട്. ധാന്യ വിളകൾക്കും രക്ഷയില്ലെന്നു കർഷകർ പറയുന്നു. ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം ധാന്യകൃഷിയുള്ളത് കർണാടകയിലാണ്. ഇവിടെ നിന്നെത്തിക്കുന്ന ധാന്യങ്ങളാണ് രാജ്യത്തിന്റെ ഭക്ഷ്യശേഖരത്തിന്റെ മുഖ്യഭാഗം.

ഓണാവശ്യത്തിന് കേരളത്തിലേക്കാവശ്യമായ പച്ചക്കറിയും പൂക്കളും കർണാടകയിൽ നിന്നു ലഭിക്കാനുള്ള സാധ്യതയില്ലെന്നു ഈ മേഖലയിലെ വ്യാപാരികളും സംശയിക്കുന്നു. കാർഷിക ജലസേചനം ഇത്തവണ പ്രയാസത്തിലാകുമെന്ന സർക്കാർ വിലയിരുത്തലും കാർഷിക മേഖലയ്ക്കു ഭീഷണിയായി. കബനി, കൃഷ്ണരാജ സാഗർ എന്നീ അണക്കെട്ടുകളിലെ ജലമപ്പാടെ കുടിവെള്ള ആവശ്യത്തിനു കരുതി വയ്ക്കണമെന്നും മറ്റാവശ്യങ്ങൾക്കൊന്നും ഉപയോഗിക്കരുതെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാർഷികാവശ്യങ്ങൾക്ക് അണക്കെട്ടിലെ ജലം ലഭിക്കാതെ കൃഷിനാശമുണ്ടാകുമെന്നും കർഷകർ പറയുന്നു.കനാലുകളിലും നീരൊഴുക്കില്ല. കാവേരി തടത്തിലെ ജലക്ഷാമം അഭൂതപൂർവമാണെന്നും കഴിഞ്ഞ വർഷത്തേതിന്റെ മൂന്നിലൊന്നു ജലം പോലും സംഭരണികളിലില്ലെന്നും ഇറിഗേഷൻ വിഭാഗം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *