മീന്‍ മോഷ്ടിച്ചതു ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം∙ മീന്‍ മോഷ്ടിച്ചതു ചോദ്യം ചെയ്തതിനു മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ വീതം പിഴയും. നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതികള്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. വലിയതുറ വേളാങ്കണ്ണി ജംക്ഷനു സമീപം വാട്ട്സ് റോഡ് ജലജ ഹൗസില്‍ ജോണ്‍സനെ (42) കൊലപ്പെടുത്തിയ കേസില്‍ വലിയതുറ ലൂര്‍ദ്ദ് മാതാ കുരിശ്ശടിക്ക് സമീപം പുന്നവിള സ്വദേശികളായ അജിത് എന്ന ദീപു, സ്റ്റെല്ലസ് എന്നിവരെയാണ് ശിക്ഷിച്ചത്.

2013 ജനുവരി 27 രാത്രി 9.30 ന് ആയിരുന്നു സംഭവം. വല കരയ്ക്ക് പിടിച്ചു കയറ്റുന്നതിനു കൂലിയായി ലഭിച്ച മത്സ്യം സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ സൂക്ഷിച്ചു വച്ചതാണ് പ്രതികള്‍ കവര്‍ന്ന് എടുത്തത്. ഇതു ചോദ്യം ചെയ്ത ജോണ്‍സനെ പ്രതികള്‍ വീട്ടില്‍ പോയി കത്തി എടുത്ത് കൊണ്ടുവന്നു കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടര്‍ ആര്‍.പ്രവീണ്‍കുമാര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *