കൊച്ചി ∙ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ സംസ്ഥാന എൻസിപി, കോൺഗ്രസ് (എസ്) ലയന ചർച്ച വഴിമുട്ടി. കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന ഇരു പാർട്ടികളുടെയും കോർ കമ്മിറ്റി ചർച്ചയിൽ എൻസിപി കോൺഗ്രസ് (എസ്) ൽ ലയിക്കണമെന്നും പ്രസിഡന്റ് സ്ഥാനം രാമചന്ദ്രൻ കടന്നപ്പള്ളിക്കു നൽകണമെന്നുമായിരുന്നു കോൺഗ്രസ് (എസ്) നിർദേശം. ഇക്കാര്യം ചർച്ച ചെയ്യാൻ ഇന്നലെ എൻസിപി (എസ്) കോർ കമ്മിറ്റി കൊച്ചിയിൽ യോഗം ചേർന്നു.
ഇരു പാർട്ടികളും ലയിക്കുമ്പോൾ കോൺഗ്രസ് (എസ്) എന്ന പേര് ഉപയോഗിക്കുന്നതിൽ തെറ്റില്ലെങ്കിലും പുതിയ പാർട്ടിയായതുകൊണ്ടു പേരിൽ ചെറിയ മാറ്റം വരുത്തണമെന്നാണു എൻസിപിയുടെ നിർദേശം. രാമചന്ദ്രൻ കടന്നപ്പള്ളിയെ പ്രസിഡന്റായി അംഗീകരിക്കുന്നതിൽ വിരോധമില്ലെങ്കിലും എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ്, മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എ.കെ. ശശീന്ദ്രൻ എന്നിവർക്കു തത്തുല്യ പദവി നൽകണമെന്നും എൻസിപി മുന്നോട്ടുവയ്ക്കുന്നു.
കേരള കോൺഗ്രസിലേതുപോലെ ഉന്നതാധികാര സമിതി ചെയർമാൻ സ്ഥാനമാണ് എൻസിപി നിർദേശിക്കുന്നത്. അടുത്ത ദിവസം കോൺഗ്രസ് (എസ്) സംസ്ഥാന എൻസിപി നേതാക്കളുടെ സംയുക്ത യോഗം ചേർന്ന് ഇക്കാര്യങ്ങൾ ചർച്ച ചെയ്യും. ഇരു പാർട്ടികളും ലയിക്കാൻ സിപിഎമ്മിന്റെ സമ്മർദവുമുണ്ട്.