ലണ്ടൻ ∙ ബ്രിട്ടന്റെ വിവിധ പ്രദേശങ്ങളിൽ രണ്ടാഴ്ചയായി തുടരുന്ന ഉഷ്ണതരംഗം രാജ്യത്തെ 30 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ വരണ്ട കാലാവസ്ഥയിലേക്ക് നയിക്കുന്നു. ഇംഗ്ലണ്ടിൽ 15 ദിവസമായി അളക്കാവുന്ന മഴ ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. 1996 ജൂണിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ മഴയില്ലാ കാലയളവാണിതെന്ന് കാലാവസ്ഥാ വിദഗ്ധരും പറയുന്നു.
ഹെറിഫോർഡ്ഷയറർ റോസ്ഓൺവൈ നഗരത്തിൽ തുടർച്ചയായി 14 ദിവസമായി 27 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില. രാജ്യത്ത് 30 ഡിഗ്രിക്ക് മുകളിലുള്ള ചൂട് 13 ദിവസം തുടർന്നതും 2006ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ചൂട് അനുഭവമായി മാറി. എന്നാൽ 1976 ലെ 16 ദിവസത്തെ റെക്കോർഡ് മറികടക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
. ജലക്ഷാമ ഭീഷണി, കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ
തുടർച്ചയായ വരണ്ട കാലാവസ്ഥയെ തുടർന്ന് ഇംഗ്ലണ്ടിലെ കൂടുതൽ പ്രദേശങ്ങളിൽ ഹോസ്‌പൈപ്പ് ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തി. ലക്ഷക്കണക്കിന് ആളുകളോട് വെള്ളം മിതമായി ഉപയോഗിക്കാൻ ജലവിതരണ കമ്പനികൾ നിർദേശം നൽകിയിട്ടുണ്ട്. മഴ ലഭിക്കാത്ത സാഹചര്യത്തിൽ ജലസംഭരണികൾക്ക് സമ്മർദം കൂടുകയാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
. കാട്ടുതീ ഭീഷണിയും ഉയരുന്നു
വരണ്ട കാലാവസ്ഥ കാരണം പുല്ലും മരങ്ങളും അതിവേഗം ഉണങ്ങുന്നതിനാൽ കാട്ടുതീ സാധ്യത വർധിച്ചതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ ഇതിനകം വലിയ കാട്ടുതീയും കടുത്ത വരൾച്ചയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്പെയിൻ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ ആയിരക്കണക്കിന് ഹെക്ടർ വനപ്രദേശം കത്തിനശിച്ചു.
. കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യക്തമായ സൂചന
മെറ്റ് ഓഫീസ് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൻ പ്രകാരം ബ്രിട്ടനിൽ ഉഷ്ണതരംഗങ്ങൾ കൂടുതൽ പതിവായും ദൈർഘ്യമേറിയതുമായും തീവ്രമായും മാറുകയാണെന്ന് വ്യക്തമാക്കുന്നു. 2026ൽ മാത്രം മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ 35 ഡിഗ്രിക്ക് മുകളിലുള്ള താപനില രേഖപ്പെടുത്തിയിരിക്കുന്നത് രാജ്യത്തിന്റെ കാലാവസ്ഥാ ചരിത്രത്തിൽ ആദ്യമായാണെന്നാണ് മെറ്റ് ഓഫീസ് അധികൃതരുടെ റിപ്പോർട്ടിൽ പറയുന്നത്.
. ചൂടിന് ആശ്വാസമുണ്ടാകുമോ?
വാരാന്ത്യത്തോടെ വടക്കുനിന്നുള്ള തണുത്ത കാറ്റ് വീശിത്തുടങ്ങുന്നതിനാൽ സ്കോട്ട്ലൻഡ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ താപനില കുറയുമെന്നാണ് പ്രവചനം. എന്നാൽ തെക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും 24 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെ ചൂട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ജൂലൈ അവസാനത്തോടെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും, രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥ തുടരുമെന്നാണ് നിലവിലെ വിലയിരുത്തൽ.