കുവൈത്ത് സിറ്റി∙ ഇറാന്റെ വ്യോമാക്രമണത്തിൽ സൈനികർക്ക് പരുക്കേറ്റതായി കുവൈത്ത് അറിയിച്ചു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുവൈത്ത് കരസേനാ വിഭാഗത്തിലെ സൈനികരെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഖാലിദ് ദരാജ് സാദ് അൽ ശുറൈയാൻ സന്ദർശിച്ചു.
ഡെപ്യൂട്ടി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് മേജർ ജനറൽ പൈലറ്റ് സബാഹ് ജാബർ അൽ അഹമ്മദ് അൽ സബാഹും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇന്ന് പുലർച്ചെ കുവൈത്ത് സൈന്യത്തിന് കീഴിലുള്ള ക്യാംപുകൾക്കും വിവിധ സൈനിക താവളങ്ങൾക്കും നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായതിനെ തുടർന്നാണ് സൈനികർക്ക് പരുക്കേറ്റത്.
ആശുപത്രിയിലെത്തിയ സൈനിക തലവന്മാർ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയും അവർക്ക് ലഭ്യമാക്കുന്ന അടിയന്തര ചികിത്സാ സൗകര്യങ്ങളും നേരിട്ട് വിലയിരുത്തി. സൈനികരുടെ ആരോഗ്യനില സംബന്ധിച്ച് ചികിത്സിക്കുന്ന മെഡിക്കൽ സംഘം ഉന്നത ഉദ്യോഗസ്ഥർക്ക് വിശദീകരണം നൽകി.
പരുക്കേറ്റ സൈനികർക്ക് ഏറ്റവും മികച്ച പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന മെഡിക്കൽ ജീവനക്കാരുടെ കർത്തവ്യബോധത്തെയും ആത്മാർത്ഥതയെയും ചീഫ് ഓഫ് ജനറൽ സ്റ്റാഫ് അഭിനന്ദിച്ചു. പരുക്കേറ്റ സൈനികർ എത്രയും വേഗം പൂർണ ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.