നിതിൻ രാജിന്റെ ആത്മഹത്യ; മുഖ്യപ്രതി ഡോ. റാം പിടിയിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽകോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജ് ആത്മഹത്യ ചെയ്‌ത കേസിലെ മുഖ്യപ്രതി ഡോ.എം.കെ.റാം പിടിയിൽ. അന്വേഷണമാരംഭിച്ച് മൂന്നുമാസങ്ങൾക്ക് ശേഷമാണ് ഡോ. റാം പിടിയിലാകുന്നത്. കർണാടകയിലെ കുടകിൽനിന്നാണ് ക്രെൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. അറസ്റ്റിലായ ഡോ.റാമിനെ കണ്ണൂരിലെത്തിച്ചു.

കഴിഞ്ഞ ദിവസം ഡോക്‌ടർ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ അന്വേഷണം സജീവമാക്കുകയായിരുന്നു ക്രൈംബ്രാഞ്ച് സംഘം. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഇയാൾ ഒളിവിൽ കഴിയുന്നുണ്ടെന്നായിരുന്നു ആദ്യ സൂചന. എന്നാൽ, പിന്നീട് ബംഗളൂരുവിൽ എത്തിയതായും പൊലീസിന് വിവരം ലഭിച്ചു. ഇതേതുടർന്ന് രണ്ട് ദിവസം മുൻപ് ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവിലെത്തിയിരുന്നു. പിന്നാലെ കുടക് കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കിയതോടെയാണ് ഇയാൾ വലയിലായത്.

ഡോക്‌ടർ റാമിനെ അറസ്റ്റ് ചെയ്‌തതിൽ സന്തോഷമുണ്ടെന്നും കേസിലെ മറ്റ് പ്രതികളെക്കൂടി അറസ്റ്റ് ചെയ്‌ത് ശിക്ഷ വാങ്ങിക്കൊടുത്താൽ മാത്രമേ തന്റെ മകന് നീതി ലഭിക്കൂവെന്നും നിതിൻ രാജിന്റെ പിതാവ് പ്രതികരിച്ചു.

ഈ വർഷം ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ്‌ കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്‌തത്. അദ്ധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ മാനസികപീഡനമാണ് നിതിൻരാജിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ രാജ് നേരത്തേ വീട്ടുകാരെ അറിയിച്ചിരുന്നു.

കേസിലെ മുഖ്യപ്രതിയായ റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സുപ്രീംകോടതി റാമിനെതിരെ കടുത്ത പരാമർശങ്ങളാണ് നടത്തിയത്. വിദ്യാർത്ഥികളോട് അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. സഹപാഠികൾക്ക് മുന്നിൽവച്ച് ഇത്തരത്തിൽ അപമാനിക്കപ്പെടുമ്പോൾ വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.

സംഭവം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നും കോടതി പറഞ്ഞിരുന്നു. ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന അദ്ധ്യാപകർ അതിന്റെ പ്രത്യാഘാതം എന്താണെന്ന് മനസിലാക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ ജാതി അധിക്ഷേപം നടന്നിട്ടില്ലെന്നും അതിന് തെളിവില്ലെന്നുമായിരുന്നു റാമിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *