സന∙ സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഹൂതി വിമത വിഭാഗം. വർഷങ്ങൾ നീണ്ട ശാന്തതയ്ക്ക് ശേഷം കഴിഞ്ഞദിവസങ്ങളിൽ ഇരുവിഭാഗങ്ങളും തമ്മിൽ നടന്ന പരസ്പര ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് പുതിയ നീക്കം. പകരത്തിന് പകരം എന്ന നിലപാടിലാണ് ഉപരോധം ഏർപ്പെടുത്തുന്നതെന്നും പ്രഖ്യാപന നിമിഷം മുതൽ ഇത് പ്രാബല്യത്തിൽ വന്നതായും ഹൂതി സൈനിക വക്താവ് യഹ്‌യ സരീഅ് വ്യക്തമാക്കി.
മേഖലയിലെ തന്ത്രപ്രധാന ജലപാതയായ ഹോർമുസ് കടലിടുക്ക് തങ്ങളുടെ സുരക്ഷ തകർക്കാൻ ശത്രുക്കൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ദേശസുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി ടെഹ്റാനിൽ പറഞ്ഞു. യുഎസ് ആക്രമണങ്ങൾ തുടരുമ്പോഴും മധ്യസ്ഥർ വഴിയുള്ള നയതന്ത്ര സന്ദേശ കൈമാറ്റം ഇപ്പോഴും നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ജോർദാനിൽ ഇറാന്റെ തിരിച്ചടിയിൽ കൊല്ലപ്പെട്ട രണ്ട് യുഎസ് സൈനികരെ അമേരിക്കൻ പ്രതിരോധ വിഭാഗം തിരിച്ചറിഞ്ഞു. ഹവായ് ഇവാ ബീച്ച് സ്വദേശിയായ ഫസ്റ്റ് ലെഫ്റ്റനന്റ് ടൈലർ ജെയിംസ് ഫീഹാൻ (25), ടെക്സസ് കരോൾട്ടൺ സ്വദേശിനി ഇസബെല്ല ഗൊൺസാലസ് (19) എന്നിവരാണ് മരിച്ചത്. ഇറാൻ നേരിടുന്നത് പൂർണതോതിലുള്ള യുദ്ധസാഹചര്യമാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ചെറുത്തുനിൽപ്പിന്റെ സ്വാഭാവിക അനന്തരഫലങ്ങൾ ഉൾക്കൊള്ളാൻ എല്ലാവരും സജ്ജരാകണമെന്നും യാഥാർഥ്യബോധത്തോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.