ചെന്നൈ ∙ പുതുച്ചേരിയിൽ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തിട്ടും വകുപ്പു വിഭജനം പൂർത്തിയാകാത്തതിനാൽ ഭരണകക്ഷിയായ എൻആർ കോൺഗ്രസും ബിജെപിയും തമ്മിൽ ഭിന്നതയെന്നു സൂചന. തർക്കം പരിഹരിക്കപ്പെട്ടില്ലെങ്കിൽ മുഖ്യമന്ത്രി എൻ.രംഗസാമി ടിവികെയുടെ പിന്തുണ തേടിയേക്കും. സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ളവയിൽ ഇതുവരെ തീരുമാനമായിട്ടില്ല.
∙ മാറാത്ത മുഖ്യമന്ത്രി
ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് അധ്യക്ഷനായ എൻ.രംഗസാമി അഞ്ചാം തവണയാണ് പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. തമിഴകത്തെ രാഷ്ട്രീയ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ചിന്നിച്ചിതറിയ നിലയിലാണ് പുതുച്ചേരിയിലെ പ്രതിപക്ഷ പാർട്ടികൾ. ഡിഎംകെ, കോൺഗ്രസ്, ടിവികെ, സ്വതന്ത്രർ എന്നിവരാണ് പ്രതിപക്ഷത്തുള്ളത്. പുതുച്ചേരി ഭരിച്ചിരുന്ന കോൺഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് 2026ൽ നേരിടേണ്ടി വന്നത്. വെറും ഒരു സീറ്റിലേക്ക് കോൺഗ്രസ് ഒതുങ്ങി. ആഭ്യന്തര തർക്കങ്ങളും ശക്തമായ നേതൃത്വത്തിന്റെ അഭാവവുമാണ് കോൺഗ്രസിനു തിരിച്ചടിയായത്.
അതേസമയം പ്രതിപക്ഷ സഖ്യത്തിൽ ഡിഎംകെ 5 സീറ്റുകൾ നേടി സാന്നിധ്യം ശക്തമാക്കി. തമിഴക വെട്രി കഴകം (ടിവികെ) പുതുച്ചേരിയിൽ ആദ്യമായി മത്സരിച്ച് 2 സീറ്റുകൾ നേടി അക്കൗണ്ട് തുറന്നു. കേരളത്തിലെ മാഹിയുൾപ്പെടെ നാലിടങ്ങളിൽ സ്വതന്ത്രർ വിജയിച്ചു. ആകെയുള്ള 30 സീറ്റിൽ 18 എണ്ണം നേടിയാണ് എൻഡിഎ സഖ്യം അധികാരത്തിലെത്തിയത്. എൻആർ കോൺഗ്രസ് –12, ബിജെപി–4, അണ്ണാഡിഎംകെ–1, എൽജെകെ–1 എന്നിങ്ങനെയാണ് കക്ഷിനില. മൂന്ന് അംഗങ്ങളെ കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്യും. ഇവർക്ക് നിയമസഭയിൽ വോട്ടവകാശമുണ്ട്. ഇവരെല്ലാം ചേർന്നു ആകെ അംഗങ്ങൾ 33.
∙ വകുപ്പില്ലാത്ത സ്തംഭനം
വകുപ്പു വിഭജനം പൂർത്തിയാകാത്തത് കടുത്ത ഭരണസ്തംഭനത്തിലേക്കും രാഷ്ട്രീയ തർക്കങ്ങളിലേക്കും വഴിമാറുകയാണ്. ആകെയുള്ള ആറു മന്ത്രിമാരിൽ നാലു പേർ എൻആർ കോൺഗ്രസിൽനിന്നും രണ്ടു പേർ ബിജെപിയിൽനിന്നുമാണ്. കഴിഞ്ഞ മേയ് 13നു മുഖ്യമന്ത്രിക്കൊപ്പം 2 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജൂൺ 17 നാണ് ബാക്കിയുള്ള മന്ത്രിമാർ അധികാരമേറ്റത്. എൻആർ കോൺഗ്രസും ബിജെപിയും തമ്മിലുള്ള കടുത്ത അധികാരത്തർക്കമാണ് വകുപ്പു വിഭജനത്തിലെ പ്രധാന പ്രശ്നം. 4 സീറ്റ് മാത്രമാണ് ബിജെപിക്കു ലഭിച്ചതെങ്കിലും സ്പീക്കർ പദവിയും ആഭ്യന്തരം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകളും വേണമെന്ന നിലപാടിലാണ് അവർ. 12 സീറ്റുള്ളതിനാൽ പ്രധാന വകുപ്പുകൾ തങ്ങൾക്കു തന്നെ വേണമെന്നാണ് മുഖ്യമന്ത്രി രംഗസാമിയുടെ നിലപാട്. ബിജെപി കേന്ദ്ര നേതൃത്വം നേരിട്ടു ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും പ്രാദേശിക വികാരങ്ങളെ തൃപ്തിപ്പെടുത്താൻ കഴിയാത്തത് ചർച്ചകൾ നീണ്ടുപോകാൻ കാരണമാകുന്നുണ്ട്. വകുപ്പുകളില്ലാത്ത മന്ത്രിമാർക്ക് ഔദ്യോഗിക തീരുമാനങ്ങളെടുക്കാൻ കഴിയാത്തത് ഭരണത്തെ ബാധിക്കുന്നുണ്ട്. നിലവിൽ എല്ലാ വകുപ്പുകളും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.
∙ ടിവികെ നിർണായക ശക്തിയാകുമോ?
ബിജെപിയോട‌് അതൃപ്തിയുള്ളതിനാൽ ടിവികെയുമായും സ്വതന്ത്രരുമായി ചേർന്നു സഖ്യമുണ്ടാക്കാൻ എൻആർ കോൺഗ്രസ് ശ്രമിക്കുന്നെന്നു സൂചനയുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽത്തന്നെ ബിജെപിയുമായുള്ള സഖ്യത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ബിജെപി സ്ഥാനാർഥികൾക്കായി രംഗസാമി പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. തങ്ങളുടെ ജയസാധ്യത ഇല്ലാതാക്കാൻ ബിജെപി ചില മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളെ പരോക്ഷമായി പിന്തുണച്ചതായും എൻആർ കോൺഗ്രസ് ആരോപിക്കുന്നു.
നിയമസഭയിലെ സ്പീക്കർ സ്ഥാനം വേണമെന്ന നിലപാടിലാണ് ബിജെപി. എന്നാൽ, കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് സഭയിൽ ബിജെപിയുടെ അംഗബലം കുറഞ്ഞത് ചൂണ്ടിക്കാട്ടി ഡപ്യൂട്ടി സ്പീക്കർ പദവി സ്വീകരിക്കാൻ രംഗസാമി നിർദ്ദേശിച്ചതായാണ് വിവരം. കഴിഞ്ഞ തവണ ബിജെപി ആറു സീറ്റിൽ ജയിച്ചിരുന്നു. വിജയിച്ച രണ്ടു മണ്ഡലങ്ങളിൽ ഒന്നിൽനിന്ന് രംഗസാമി രാജി വച്ചതോടെ, നിയമസഭയുടെ നിലവിലെ അംഗബലം 29 ആണ്. കേവല ഭൂരിപക്ഷത്തിന് 15 അംഗങ്ങളുടെ പിന്തുണ വേണം. എൻആർ കോൺഗ്രസിന് നിലവിൽ 11 എംഎൽഎമാരുണ്ട്. പ്രതിപക്ഷത്തുനിന്നു ടിവികെയെയും സ്വതന്ത്രരെയും ഒപ്പം കൂട്ടാനുള്ള ശ്രമം എൻആർ കോൺഗ്രസ് നടത്തുന്നുണ്ടെന്നു സൂചനയുണ്ട്. ഇതിനു ബദലായി ബിജെപിയുടെ നേതൃത്വത്തിൽ എൻആർ കോൺഗ്രസിനെ പിളർത്താനുള്ള ശ്രമവും നടക്കുന്നതായും പ്രവർത്തകർ പറയുന്നു. അതിനാൽ ശ്രദ്ധയോടെയാണ് എൻ.രംഗസാമിയുടെ നീക്കം.