ദുബായ്∙ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമേകി പാസ്‌പോർട്ട്, കോൺസുലാർ സേവനങ്ങൾക്കുള്ള പുതിയ ഔട്ട്‌സോഴ്‌സിങ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. ബർ ദുബായ് ബുർജ്മാൻ സെന്ററിനടുത്തെ യുഡബ്ല്യു മാളിൽ സജ്ജമാക്കിയ കേന്ദ്രമാണ് യുഎഇയിലെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ പാസ്‌പോർട്ട് സർവീസ് സെന്റർ.പുതിയ കരാറേറ്റെടുത്ത അൽഹിന്ദ് വഴിയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവ സംബന്ധിച്ചു. സെന്റുകളിലെ സേവനം വളരെ മികച്ച രീതിയിലായിരിക്കുമെന്നും ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനം ഏറ്റവും നന്നായി യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.മലയാളി വ്യവസായി സുലൈമാൻ ടി.എമ്മിന്റെ മകനും യുവ സംരംഭകനുമായ മുഹമ്മദ് സുഹൈബ് മാനേജിങ് ഡയറക്ടറായ യുഡബ്ല്യു മാളിലാണ് 12,000 ചതുരശ്ര അടി വിസ്തീർണത്തിൽ വിശാലമായ ഈ സേവന കേന്ദ്രം ഒരുക്കിയിരിക്കുന്നത്. 75 കൗണ്ടറുകളാണ് ഇവിടെയുള്ളത്. ഭിന്നശേഷിക്കാർക്കായി പ്രത്യേക കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.
കുടുംബസമേതം എത്തുന്നവർക്ക് അനുയോജ്യമായ രീതിയിൽ വിശാലമായ പാർക്കിങ്, ഫൂഡ് കോർട്ട്, പ്രാർത്ഥനാ മുറികൾ, പ്രമുഖ ബ്രാൻഡുകളുടെ ഷോറൂമുകൾ തുടങ്ങിയ സകലാ സൗകര്യങ്ങളും മാളിൽ ലഭ്യമാണെന്ന് മാൾ മാനേജർ പ്രവീൺ നായർ പറഞ്ഞു. ഒരു മലയാളിയുടെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന് യുഎഇയിലെ ഏറ്റവും വലിയ സർവീസ് സെന്ററിന് വേദിയാകാൻ കഴിഞ്ഞത് വലിയ നേട്ടമാണ്.
∙ തടസ്സങ്ങൾക്ക് പരിഹാരം; തിരക്ക് നിയന്ത്രണവിധേയം
കഴിഞ്ഞ കുറച്ചു ആഴ്ചകളായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടാണ് പുതിയ സംവിധാനം നിലവിൽ വന്നത്. ജൂലൈ ഒന്നു മുതൽ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ടായിരുന്നു സേവനങ്ങൾ നൽകിയിരുന്നത്. ഇത് മൂലം കടുത്ത തിരക്കും കാലതാമസവും നേരിട്ടിരുന്ന പ്രവാസികൾക്ക് പുതിയ കേന്ദ്രം വലിയ ആശ്വാസമായി
പ്രഖ്യാപനം വന്ന് മിനിറ്റുകൾക്കകം തന്നെ പുതിയ വെബ്‌സൈറ്റ് വഴി 2,000-ത്തോളം സ്ലോട്ടുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. ഇന്ന് പുലർച്ചെ 5.45 മുതൽ തന്നെ യുഡബ്ല്യു മാളിലെ കേന്ദ്രത്തിന് മുന്നിൽ ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ നിന്നൊക്കെ തൊഴിലാളികളടക്കം ആളുകൾ എത്തിത്തുടങ്ങിയിരുന്നു. അടിയന്തരമായി നാട്ടിലേക്ക് പോകേണ്ടവരും വീസ പുതുക്കേണ്ടവരുമായ ഒട്ടേറെ പേർക്ക് പുതിയ കേന്ദ്രത്തിന്റെ തുടക്കം ആശ്വാസമായി.
എല്ലാ അപേക്ഷകർക്കും ഒരേനിലവാരത്തിലുള്ള സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രത്തിൽ എത്തുന്ന ഒരാൾക്ക് 30 മിനിറ്റിനകം നടപടികൾ പൂർത്തിയാക്കി മടങ്ങാൻ സാധിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങളെന്നും അൽഹിന്ദ് ചെയർമാനും സ്ഥാപകനുമായ ടി. മുഹമ്മദ് ഹാരിസ് പറഞ്ഞു. അപേക്ഷകരുടെ എണ്ണത്തിലുള്ള വർധനവ് കണക്കിലെടുത്ത് ദിവസേന കൂടുതൽ സ്ലോട്ടുകൾ അനുവദിക്കും.