അഞ്ചരക്കണ്ടിയില്‍ റാമിനെ രക്ഷിച്ച പോലീസ് തിരുവനന്തപുരത്ത് ഏബലിനും ജാമ്യം ഉറപ്പാക്കി

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ വിദ്യാര്‍ഥിയുടെ മരണത്തിന് കാരണക്കാരനായ അധ്യാപകന്‍ ഡോ. റാമിന് ജാമ്യം ലഭിക്കാന്‍ അണിയറയില്‍ വഴിവിട്ട ഒത്തുകളി നടത്തിയ സംസ്ഥാന പോലീസ്, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഗുരുതരമായ കുറ്റകൃത്യത്തിലും പ്രതിക്ക് രക്ഷപ്പെടാന്‍ ജാമ്യപ്പൂട്ട് ഒരുക്കി നല്‍കി. സഹപാഠികളായ ഒട്ടേറെ മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും മറ്റും ശേഖരിച്ച് അശ്ലീല വെബ്‌സൈറ്റുകളില്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച കേസിലെ പ്രതിയും മൂന്നാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിയുമായ വയനാട് കാക്കവയല്‍ സ്വദേശി ഏബലിനാണ് പോലീസിന്റെ ആസൂത്രിത നന്മയില്‍ കോടതിയില്‍ നിന്ന് എളുപ്പത്തില്‍ ജാമ്യം ലഭിച്ചത്. ഇരകളായ പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കേണ്ട പോലീസ്, പ്രതിക്ക് ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പുകള്‍ മാത്രം ചുമത്തി കേസ് ഒതുക്കാന്‍ ശ്രമിക്കുന്നത് പോലീസില്‍ ഇപ്പോഴും കള്ളത്തരങ്ങള്‍ സജീവമാണെന്നതിന്റെ തെളിവാണ്.

പതിനേഴോളം വിദ്യാര്‍ഥിനികളുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങളും ചിത്രങ്ങളുമാണ് അശ്ലീല സൈറ്റുകള്‍ വഴിയും സന്ദേശങ്ങള്‍ വഴിയും പ്രതി പ്രചരിപ്പിച്ചത്. വിവരം പുറത്തുവന്നതോടെ തകര്‍ന്നുപോയ പെണ്‍കുട്ടികള്‍ നീതിതേടി മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ തികച്ചും ക്രൂരവും അപമാനകരവുമായ നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. പരാതി നല്‍കാനെത്തിയ ഇരകളെ മണിക്കൂറുകളോളം സ്റ്റേഷനില്‍ കാത്തുനിര്‍ത്തുകയും മുഴുവന്‍ പെണ്‍കുട്ടികളുടെയും മൊഴി രേഖപ്പെടുത്താന്‍ വിസമ്മതിക്കുകയുമായിരുന്നു. കുറ്റകൃത്യത്തിന്റെ ഗുരുതരാവസ്ഥയും വഞ്ചനയും കണക്കിലെടുത്ത് ഐ.ടി. ആക്ടിലെ കര്‍ശന വകുപ്പുകളും സ്ത്രീത്വത്തെ അപമാനിച്ചതിനും വ്യക്തിത്വഹത്യ നടത്തിയതിനുമുള്ള ജാമ്യമില്ലാ വകുപ്പുകളും ചുമത്താന്‍ വകുപ്പുണ്ടായിട്ടും, പോലീസ് മനഃപൂര്‍വം ലഘുവായ വകുപ്പുകള്‍ ചുമത്തി പ്രതിക്ക് സ്റ്റേഷന്‍ ജാമ്യത്തിനോ കോടതിയില്‍ നിന്നുള്ള എളുപ്പ ജാമ്യത്തിനോ കളമൊരുക്കുകയായിരുന്നു.

പരാതി നല്‍കിയ ഓരോ പെണ്‍കുട്ടിയുടെയും അനുഭവങ്ങള്‍ വ്യത്യസ്തമായിരിക്കെ, ഓരോരുത്തരുടെയും പരാതിയില്‍ പ്രത്യേകം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്ന ന്യായമായ ആവശ്യത്തെ പോലീസ് അഹങ്കാരത്തോടെയാണ് തള്ളിക്കളഞ്ഞത്. ഒരേ കുറ്റകൃത്യമായതിനാല്‍ ഒന്നിച്ച് ഒരു കേസ് മാത്രമേ എടുക്കാനാകൂ എന്ന സാങ്കേതിക ന്യായം പറഞ്ഞ് പോലീസ് ഒളിച്ചോടാന്‍ ശ്രമിക്കുകയാണ്. വ്യത്യസ്ത വ്യക്തികള്‍ ഇരകളാക്കപ്പെടുകയും വ്യത്യസ്ത സമയങ്ങളില്‍ കുറ്റകൃത്യം ആവര്‍ത്തിക്കപ്പെടുകയും ചെയ്ത കേസില്‍ പ്രത്യേകം എഫ്.ഐ.ആറുകള്‍ ഇടാന്‍ നിയമതടസ്സമില്ലെന്നിരിക്കെ, കേസിന്റെ വ്യാപ്തി കുറച്ചുകാണിക്കാനാണ് പോലീസിന്റെ ഈ നീക്കം. ഇരകള്‍ക്ക് നീതി നിഷേധിക്കുകയും കുറ്റവാളിക്ക് സംരക്ഷണം തീര്‍ക്കുകയും ചെയ്യുന്ന പോലീസിന്റെ ഈ സമീപനം കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പോലീസിന്റെ ഈ ഇരട്ടത്താപ്പിനെതിരെയും പ്രതിയെ സംരക്ഷിക്കുന്ന സമീപനത്തിനെതിരെയും മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ വിദ്യാര്‍ഥികള്‍ വലിയ പ്രതിഷേധമുയര്‍ത്തി. മണിക്കൂറുകളോളം സ്റ്റേഷന്‍ ഉപരോധിച്ച വിദ്യാര്‍ഥികള്‍ പോലീസുമായി ശക്തമായ വാക്കേറ്റത്തിലും ഉന്തുതള്ളിലുമേര്‍പ്പെട്ടു. പരാതിക്കാരായ പെണ്‍കുട്ടികളോട് പോലീസ് ഉദ്യോഗസ്ഥര്‍ വളരെ മോശമായാണ് പെരുമാറിയതെന്നും ആക്ഷേപമുണ്ട്. എസ്.എഫ്.ഐ. ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധത്തിന് പൂര്‍ണ പിന്തുണയുമായി എത്തിയതോടെ മെഡിക്കല്‍ കോളജ് പരിസരം വലിയ രീതിയിലുള്ള സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേക്ക് വഴിമാറി. എല്ലാ പരാതികളിലും കേസെടുത്ത് സമഗ്ര അന്വേഷണം നടത്തുംവരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *