ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട്, ചോദ്യപേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങളുന്നയിച്ച് ഡൽഹിയിൽ സി.ജെ.പി. സമരം ശക്തമാകുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പഴയ എക്സ് പോസ്റ്റ് ചർച്ചയാകുന്നു. സാമൂഹിക പ്രവർത്തകനും സിജെപി സമരത്തിന് മുൻനിരയിലുള്ള നേതാവുമായ സോനം വാങ്ചുകിനെയും അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോയെയും വാനോളം പ്രശംസിച്ചുകൊണ്ടുള്ളതായിരുന്നു ധർമേന്ദ്ര പ്രധാന്റെ എക്സ് പോസ്റ്റ്.
2023 മാർച്ച് 15നായിരുന്നു ധർമേന്ദ്ര പ്രധാൻ ചിത്രം എക്സിൽ പങ്കുവെച്ചത്. പോസ്റ്റിൽ, വാങ്ചുകിനേയും ഭാര്യയേയും വാനോളം പുകഴ്ത്തുന്നുണ്ട്. ‘വാങ്ചുക്കുമായും അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോജിയുമായും സംഭാഷണത്തിൽ ഏർപ്പെടാൻ സാധിച്ചു. വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങൾ കൊണ്ടുവരുന്നതിനും നൂതനാശയങ്ങളുടെയും സുസ്ഥിര വികസനത്തിന്റെയും സംസ്കാരം വളർത്തിയെടുക്കുന്നതിനുമുള്ള അവരുടെ ചിന്താഗതിയെയും ഇച്ഛാശക്തിയെയും അഭിനന്ദിക്കുന്നു’, എന്നായിരുന്നു അദ്ദേഹത്തിന്റെ എക്സ് പോസ്റ്റ്.
അന്ന് വിദ്യാഭ്യാസ പരിഷ്കാരങ്ങളിൽ ഒരേ നിലപാട് പുലർത്തിയിരുന്ന നേതാവും പരിഷ്കർത്താവും ഇന്ന് പരസ്പരം എതിർപക്ഷത്താണ് നിൽക്കുന്നുവെന്നതാണ് സാമൂഹിക മാധ്യമങ്ങളിലെ ചർച്ച. ചോദ്യപേപ്പർ ചോർച്ചയും അപാകതകളും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സോനം വാങ്ചുക്ക് സമരം തുടരുന്നത്. ഇതോടെയാണ് അന്ന് മന്ത്രി നൽകിയ പ്രശംസാക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ പ്രചാരം നേടുന്നത്.