അമൃതപുരി (കൊല്ലം): മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ പതിനൊന്നാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി ഡോ. എ.പി.ജെ. അബ്ദുൽ കലാം ഇന്റർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ‘ജനനി അവാർഡ് 2026’ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിച്ചു. അമൃതപുരി ആശ്രമത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുരസ്കാരം സമർപ്പിച്ചു. മാനവിക-സാമൂഹിക സേവനങ്ങൾ, സമൂഹപരിവർത്തനം, സ്ത്രീശാക്തീകരണം എന്നീ മേഖലകളിൽ മാതാ അമൃതാനന്ദമയി ദേവി നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
“മറ്റുള്ളവർക്കായി സേവനം ചെയ്യുമ്പോഴാണ് മനുഷ്യജന്മം പൂർണമാകുന്നത്” എന്ന അമ്മയുടെ സന്ദേശം മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ജീവിതദർശനത്തോടും മൂല്യങ്ങളോടും ചേർന്നുനിൽക്കുന്നതാണെന്ന് ഗവർണർ പറഞ്ഞു. സ്നേഹത്തിന്റെയും സേവനത്തിന്റെയും അതിർവരമ്പുകൾക്കപ്പുറത്താണ് അമ്മയുടെ പ്രവർത്തനമെന്നും ഇന്ന് ലോകത്ത് അമ്മയുടെ സാന്നിധ്യത്തേക്കാൾ വിലമതിക്കാനാവുന്ന മറ്റൊന്നുണ്ടെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി സ്വന്തം ജീവിതം സമർപ്പിച്ച മഹത്തായ വ്യക്തിത്വമാണ് അമ്മയെന്നും ഗവർണർ പറഞ്ഞു.
രാജ്യത്തെ ശാസ്ത്രരംഗത്ത് ഉന്നതിയിലെത്തിക്കുകയെന്ന ഏകലക്ഷ്യത്തോടെ പ്രവർത്തിച്ച മഹത്തായ വ്യക്തിത്വമായിരുന്നു ഡോ. എ.പി.ജെ. അബ്ദുൽ കലാമെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. രാഷ്ട്രപതിപദവിയിൽ ഇരിക്കുമ്പോഴും അദ്ദേഹം പ്രകടിപ്പിച്ച എളിമയും വിനയവുമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കിയതെന്നും അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്ക് മാതൃകയാകണമെന്നും അമ്മ പറഞ്ഞു. അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം സ്വീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അമ്മ കൂട്ടിച്ചേർത്തു.
ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ദർശനവും മൂല്യങ്ങളും ആസ്പദമാക്കി എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന ‘Kalam’s Angel’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനവും രാജ്യവ്യാപക വനിതാ ശാക്തീകരണ പ്രസ്ഥാനമായ ‘ജനനി 2026’-ന്റെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. എ.പി.ജെ. അബ്ദുൽ കലാം ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. എ.പി.ജെ.എം. നസീമ മരക്കാർ, എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. ജെറി മാത്യു, ഓർഗനൈസിങ് സെക്രട്ടറി ഒലീവിയ സൈറ റൈജു എന്നിവർ ചടങ്ങിൽ സംസാരിച്ചു.