കൊച്ചി: സംസ്ഥാനത്ത് സർവീസ് നടത്തുന്ന പ്രിയദർശിനി ബസുകളിൽ വനിതാ യാത്രക്കാർക്ക് നൽകിവരുന്ന സീറോ ടിക്കറ്റ് പുരുഷ യാത്രക്കാർക്ക് നൽകി പണം തട്ടുന്നതായി പരാതി. സീറോ ടിക്കറ്റ് നൽകി പുരുഷന്മാരിൽ നിന്ന് ഈടാക്കുന്ന തുക ജീവനക്കാർ പോക്കറ്റിലാക്കുകയാണെന്നാണ് പരാതിയിൽ പറയുന്നത്. ഇതോടെ സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു.
നിലവിൽ കെഎസ്ആർടിസി ബസുകളിൽ പുരുഷ യാത്രക്കാർക്ക് ‘മെയിൽ’ എന്നും വനിതാ യാത്രക്കാർക്ക് ‘ഫീമെയിൽ’ എന്നും ടിക്കറ്റിൽ രേഖപ്പെടുത്തും. സീറോ വാല്യൂ ടിക്കറ്റിലും ഇത് രേഖപ്പെടുത്തുന്നുണ്ട്. പ്രിയദർശിനി ബസുകളിൽ യാത്ര സ്ത്രീകളുടെ ടിക്കറ്റ് നിരക്ക് സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നത് ഈ മാനദണ്ഡം അടിസ്ഥാനമാക്കിയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി ഉയർന്നതോടെ നടപടി സ്വീകരിച്ചെന്ന് കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ അറിയിച്ചു.
തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ സംസ്ഥാന വ്യാപകമായി നിരീക്ഷണം ശക്തമാക്കാൻ കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തോട് ആവശ്യപ്പെടും. ആർടിഒമാരുടെ പ്രത്യേക സ്‌ക്വാഡുകൾ ബസുകളിൽ പരിശോധന നടത്തുമെന്ന് ഗതാഗത വകുപ്പും അറിയിച്ചിട്ടുണ്ട്. പ്രിയദർശിന് ബസുകളിൽ പ്രത്യേക പരിശോധന വേണമെന്ന് നേരത്തെ ഉത്തരവുണ്ടെന്നും ഇനിമുതൽ പ്രത്യേക പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.