കൊച്ചി: എറണാകുളം എടവനക്കാട് പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എടവനക്കാട് അണിയൽ മാർക്കറ്റിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശിനി ബിന്ദു (50) ആണ് മരണപ്പെട്ടത്.
ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഭർത്താവ് സജീവൻ ജോലി ആവശ്യങ്ങൾക്കായി പുറത്തുപോയതിനെ തുടർന്ന് ബിന്ദു രാത്രി ഉറങ്ങാനായി സമീപത്തെ അയൽവീട്ടിലേക്ക് മാറിയിരുന്നു. ഇവിടെ വെച്ച് വീടിന് പുറത്തിറങ്ങിയ സമയത്താണ് ബിന്ദുവിന് പാമ്പ് കടിയേറ്റതെന്നാണ് വിവരം.
കാലിൽ കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബിന്ദു അയൽക്കാരോട് തനിക്കെന്തോ കടിയേറ്റതായി അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അണലി വർഗ്ഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.