ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പദവിയിൽ നിന്ന് പുറത്താക്കാതെ കേന്ദ്ര സർക്കാരുമായി യാതൊരുവിധ ചർച്ചയ്ക്കുമില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. പാർലമെന്റ് മന്ദിരത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വിദ്യാർത്ഥികളുടെയും പ്രതിപക്ഷത്തിന്റെയും ആവശ്യങ്ങൾ ഉന്നയിക്കാൻ സഭയിൽ തനിക്ക് അവസരം നൽകിയില്ലെന്നും സംസാരിക്കുന്നതിനിടെ മൈക്ക് ഓഫാക്കിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. വിദ്യാർത്ഥികളുടെയും പ്രതിപക്ഷത്തിന്റെയും പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങളാണ് രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചത്. അഴിമതി ആരോപണങ്ങളും പരീക്ഷാ ക്രമക്കേടുകളും നേരിടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ എത്രയും വേഗം പുറത്താക്കുക എന്നതാണ് ഇതിൽ ആദ്യത്തേത്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം കാണിക്കുകയും മർദ്ദിക്കുകയും ചെയ്തവർക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്നതാണ് രണ്ടാമത്തെ ആവശ്യം. വിദ്യാർത്ഥികൾ നേരിട്ട അനീതികൾക്കും അതിക്രമങ്ങൾക്കും രാജ്യത്തെ പ്രധാനമന്ത്രി വിദ്യാർത്ഥികളോട് പരസ്യമായി ക്ഷമാപണം നടത്തണമെന്നതാണ് മൂന്നാമത്തെ ആവശ്യം. ധർമേന്ദ്ര പ്രധാനെ പദവിയിൽ നിന്ന് നീക്കാതെ സർക്കാരുമായി യാതൊരുവിധ ചർച്ചയ്ക്കകും പ്രതിപക്ഷം തയ്യാറല്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.