കോഴിക്കോട് ∙ പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരിച്ചു. നടുവണ്ണൂർ കാവുന്തറ പാലയാട്ട് ഷാജുവിന്റെയും റീനയുടെയും ഇളയ മകൾ ഇതൾ ആണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു മരണം. കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ പനി കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാവുന്തറ എഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഒരു പോലെ മികവു കാട്ടിയ ഇതളിന്റെ അപ്രതീക്ഷിത മരണം സഹപാഠികൾക്കും അധ്യാപകർക്കും ഉൾക്കൊളളാനായിട്ടില്ല. കാവുന്തറയിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. സഹോദരി: ശിവാനി (നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി). ഇതളിനോടുള്ള ആദരസൂചകമായി കാവുന്തറ എഎൽപി സ്കൂളിനു വെള്ളിയാഴ്ച അവധി നൽകി.