കോഴിക്കോട് ∙ മുക്കം മണാശ്ശേരിയിൽ ഓട്ടോറിക്ഷയിൽനിന്ന് റോഡിൽ തെറിച്ചുവീണ വിദ്യാർഥി ലോറി കയറി മരിച്ചു. മുക്കം മണ്ണാശേരി ഗവൺമെന്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി അമൽ (7 വയസ്) ആണ് മരിച്ചത്. സ്കൂൾ വിട്ട് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ മണാശ്ശേരി പുൽപ്പറമ്പിനു സമീപത്താണ് അപകടം ഉണ്ടായത്. ഇരുവശത്തും ഡോർ ഉണ്ടായിരുന്ന ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോർ തുറന്നു തെറിച്ചു വീണ കുട്ടിയുടെ തലയിലൂടെ എതിർവശത്തു കൂടി മണാശ്ശേരിയിലേക്കു വന്ന ലോറിയുടെ പിൻചക്രം കയറുകയായിരുന്നു. ബ്രേക്ക് പിടിക്കാൻ പോലും സാധിക്കാത്ത കുറഞ്ഞ ദൂരത്തിലാണു കുട്ടി ലോറിക്കു മുന്നിൽ വീണതെന്ന് ലോറി ഓടിച്ച ഓമശ്ശേരി സ്വദേശി അസീസ് പറഞ്ഞു. ഓട്ടോയിൽനിന്നു തെറിച്ചുവീണ ഉടൻ കുട്ടി ലോറിക്ക് അടിയിൽപ്പെടുകയായിരുന്നുവെന്നും അസീസ് പറഞ്ഞു. മുക്കം പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്കു മാറ്റി.