ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെയും എഐ നിർമിത വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നതിൽ നടപടിയെടുത്ത് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി). വീഡിയോകൾ പിഐബി ഫാക്‌ട് ചെക്കിന് വിധേയമാക്കി അവ എഐ നിർമിതമാണെന്ന് സ്ഥിരീകരിച്ചു. വീഡിയോയിൽ പറയുന്ന പരാമർശങ്ങൾ പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ നടത്തിയിട്ടില്ലെന്നും പിഐബി അറിയിച്ചു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ പാകിസ്ഥാനി നെറ്റ്‌വർക്കുകളാണെന്ന് പിഐബി ചൂണ്ടിക്കാട്ടി. മോദിയുടെയും ഗോയലിന്റെയും പേരിൽ പ്രചരിക്കുന്ന വീഡിയോയിൽ ഇരുവരും വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നതും വലിയ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുന്നതുമാണുള്ളത്.
ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നറിയിച്ച് പ്രധാനമന്ത്രി വ്യാഴാഴ്‌ച രാത്രി പങ്കുവച്ച വീഡിയോ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്താണ് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നത്. പാർലമെന്റിന് പുറത്തുവച്ചുള്ള ഗോയലിന്റെ സംഭാഷണമാണ് എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. തെറ്റിദ്ധാരണ പരത്തുന്നതും തെറ്റായ വിവരങ്ങളുമടങ്ങിയ വീഡിയോകളെക്കുറിച്ച് +91 87997 11259, email at factcheck@pib.gov.in. എന്നിവയിലൂടെ റിപ്പോർട്ട് ചെയ്യണമെന്ന് പിഐബി അറിയിച്ചു.