ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അവസാന ചിത്രമായ ജനനായകനിൽ നിന്ന് താൻ അഭിനയിച്ച രംഗങ്ങൾ ഒഴിവാക്കിയതിലുള്ള നിരാശയും സങ്കടവും തുറന്നുപറഞ്ഞ് നർത്തകിയും നടിയുമായ ആനന്ദി അജയ്. തന്റെ വർഷങ്ങളായുള്ള സ്വപ്നമാണ് ഇതുവഴി ഇല്ലാതായതെന്ന് താരം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം.
വിജയ്‌യുടെ അവസാന ചിത്രമായതിനാൽ ഇനി അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കില്ലല്ലോ എന്നത് തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്ന് ആനന്ദി പറഞ്ഞു. സിനിമയിൽ എത്തിയതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് വിജയ്‌ക്കൊപ്പം അഭിനയിക്കുക എന്നതായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം, വീഡിയോ വൈറലായതിന് പിന്നാലെ ആനന്ദിയെ ആശ്വസിപ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സങ്കടപ്പെടേണ്ടതില്ലെന്നും കഴിവുള്ള കലാകാരിയായ ആനന്ദിയെ തേടി ഇനിയും നിരവധി അവസരങ്ങളെത്തുമെന്നും ആരാധകർ കമന്റ് ബോക്സിൽ കുറിച്ചു. ജീവിതത്തിൽ പോസിറ്റീവായിരിക്കണമെന്നും നല്ല അവസരങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് മറ്റു ചില കമന്റുകൾ.