ഹോങ്കോങ്: സീനിയർ ലോക ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ എപ്പി താരങ്ങളായ തനിഷ ഖത്രിയും പ്രാചി ലോഹനും ചരിത്രനേട്ടം സ്വന്തമാക്കി. ലോക ചാമ്പ്യൻഷിപ്പിൽ വനിതാ എപ്പി വിഭാഗത്തിലെ മെയിൻ ടേബിൾ ഓഫ് 64 (ഡയറക്‌ട് എലിമിനേഷൻ റൗണ്ട്) യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരങ്ങളെന്ന റെക്കോർഡാണ് ഇരുവരും കുറിച്ചത്. ഹോങ്കോങിലെ ഏഷ്യ എക്‌സ്‌പോയിൽ 180-ലധികം താരങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് ഈ നേട്ടം.
വനിതകളുടെ വ്യക്തിഗത എപ്പി വിഭാഗത്തിൽ തനിക്ഷ ഖത്രി 43-ാംസ്ഥാനത്തെത്തി. സീനിയർ ലോക ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ഈ ഇനത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന എക്കാലത്തെയും മികച്ച വ്യക്തിഗത റാങ്കിങ്ങാണിത്. പ്രാചി ലോഹാൻ 58-ാംസ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. ഇതോടെ ലോക ചാമ്പ്യൻഷിപ്പിലെ വനിതാ വ്യക്തിഗത വിഭാഗത്തിൽ ആദ്യ 60 സ്ഥാനങ്ങൾക്കുള്ളിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഇടംനേടിയെന്ന ചരിത്രവും രാജ്യത്തിന് കുറിക്കാനായി.