കൊച്ചി: സി.എം.ആർ.എൽ.-എക്‌സാലോജിക് പണമിടപാട് കേസിൽ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ചോദ്യംചെയ്യാൻ ഇ.ഡി. നീക്കം. അദ്ദേഹത്തിന്‍റെ മകളും കേസിലെ പ്രതിയുമായ ടി. വീണയുടേതുൾപ്പെടെയുള്ള സ്വത്ത് കണ്ടുകെട്ടുന്നതിനു മുന്നോടിയായി ഡൽഹിയിലെ ഇ.ഡി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്കു നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. കേസ് അന്വേഷിച്ച കൊച്ചി ഇ.ഡി. ഓഫീസാണ് റിപ്പോർട്ട് നൽകിയത്.എക്‌സാലോജിക്കിനും ഡയറക്ടറായ വീണയ്ക്കും പണംനൽകിയത് പിണറായിയുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലായിരുന്നുവെന്ന് സി.എം.ആർ.എൽ. എം.ഡി. എസ്.എൻ. ശശിധരൻ കർത്ത 2024 ഏപ്രിൽ 17-ന് മൊഴിനൽകിയെന്ന റിപ്പോർട്ടും പുറത്തുവന്നു. എന്റർപ്രൈസ് റിസോഴ്‌സ് പ്ലാനിങ് (ഇ.ആർ.പി.) സേവനങ്ങളൊന്നും നൽകാതെയായിരുന്നു പണം കൈമാറ്റമെന്നും മൊഴി നൽകി. ഐ.ടി. കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ 2.78 കോടി ലഭിച്ചത് സേവനങ്ങളൊന്നും നൽകാതെയാണെന്ന് വീണ സമ്മതിച്ചതായും ഇ.ഡി. റിപ്പോർട്ടിലുണ്ട്. കർത്തയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പിണറായിയെ ചോദ്യംചെയ്യുക.
ഇ.ഡി. സ്‌പെഷ്യൽ ഡയറക്ടർ പ്രശാന്ത് കുമാർ കേസുകളുടെ അവലോകനത്തിനായി കഴിഞ്ഞയാഴ്ച കൊച്ചിയിലെത്തിയപ്പോൾ പിണറായിയെ ചോദ്യംചെയ്യുന്നത് സംബന്ധിച്ച ചർച്ച നടന്നിരുന്നു. ഡയറക്ടർ രാഹുൽ നവീന്റെ അനുമതി വാങ്ങിയശേഷം മതിയെന്നായിരുന്നു ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം. അനുമതി ലഭിച്ചതായാണ് സൂചന.
ഇല്ലാത്ത ഐ.ടി. കൺസൾട്ടൻസിയുടെപേരിൽ എക്‌സാലോജിക്കിന് സി.എം.ആർ.എൽ. 1.72 കോടി നൽകിയിട്ടുണ്ടെന്ന് 2019 ജനുവരി 25-ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയെന്നാണ് പറയുന്നത്. ഇതുൾപ്പെടെ വീണയ്ക്കും കമ്പനിക്കും 2.78 കോടി കരാറുകളിലൂടെ നൽകിയെന്നും പറയുന്നു.
കർത്തയുടെ മൊഴി മാധ്യമസൃഷ്ടി -പിണറായി
തന്നോടുള്ള അടുപ്പം കാരണമാണ് എക്‌സാലോജിക്കിന് കരാർ നൽകിയതെന്ന കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയാണ്. ഇ.ഡി. അന്വേഷണം എങ്ങനെയെങ്കിലും തന്നിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മൊഴി ആരാണ് പുറത്തുവിട്ടത്. മാധ്യമങ്ങളിൽ വന്നു എന്നതുകൊണ്ട് എല്ലാം ശരിയാകുമോ? രേഖ ഉണ്ടെങ്കിൽ കാണിച്ചുകൊള്ളട്ടെ. നിങ്ങൾക്ക് എന്തൊക്കെ സൃഷ്ടിക്കാം. എത്രകാലമായി സൃഷ്ടിക്കുന്നു. എന്നോടു നല്ല സ്നേഹമാണല്ലോ.