കൊല്ലം: മൂന്നു ദിവസമായി മാൻഹോളിൽ ഒളിച്ചിരുന്ന യുവാവിനെ സാഹസികമായി പിടികൂടി. മാനസിക വിഭ്രാന്തിയുള്ള ഉളിയകോവിൽ തുണ്ടിൽവീട്ടിൽ ഗിരീഷിനെ (46) ആണ് നാട്ടുകാരും ഫയർ ഫോർസും ചേർന്ന് മാൻഹോളിൽ നിന്നു പുറത്തിറക്കിയത്.
കഴിഞ്ഞ രണ്ടു ദിവസമായി ഇയാളെ പുറത്തിറക്കാൻ കടപ്പാക്കട ഫയർഫോഴ്സ് ശ്രമിച്ചെങ്കിലും ഇയാൾ തയ്യാറായില്ല. പുറത്തിറക്കാനായി മാൻഹോളിലൂടെ ചെല്ലുന്നവരെ ആക്രമിക്കാൻ ശ്രമിച്ചത്തോടെയാണ് പുറത്തിറക്കുന്നത് നീണ്ടത്. ദിവസങ്ങൾക്കു മുൻപ് ഉളിയകോവിലിൽ ഒരു വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയിരുന്നു.വീട്ടുകാർ പൊലീസിൽ പരാതി നൽകിയതോടെ പൊലീസ് അന്വേഷിച്ചെത്തും എന്ന് ഭയന്നാണ് ഇയാൾ സമീപത്തെ മാൻഹോളിൽ ഒളിച്ചത്. ലഹരിക്ക് അടിമയായ ഇയാൾ മുൻപ് മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ ഉൾപ്പെടെ തേടിയിരുന്നു.