നമ്പർ തെറ്റി വിളിച്ച ആരോഗ്യപ്രവർത്തകയ്ക്കു നേരെ സൈബർ ആക്രമണം

മുണ്ടൂർ ( പാലക്കാട്) ∙ ജോലിയുടെ ഭാഗമായി വിളിച്ച ഫോൺ കോളിൽ നമ്പറിൽ സംഭവിച്ച ചെറിയൊരു പിശകിനു ജീവിതം തന്നെ തകർന്ന അവസ്ഥയിലാണു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആർ.രമ്യ. ഡെങ്കിപ്പനി ബാധിച്ച ആളെ വിളിച്ച കോൾ തെറ്റായി വയനാട് സ്വദേശിക്കു പോയതോടെയാണു മുണ്ടൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ജെഎച്ച്ഐ രമ്യയ്ക്കു മനുഷ്യത്വരഹിതമായ രീതിയിൽ തുടർച്ചയായി സൈബർ ആക്രമണം നേരിടേണ്ടിവരുന്നത്.

നമ്പർ തെറ്റിപ്പോയതാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയാണെന്നും പറഞ്ഞിട്ടും അയാളുടെ ശല്യവും ആക്രമണവും അവസാനിച്ചില്ല. ഇയാൾ രമ്യയെ പലതവണ ഫോണിൽ വിളിച്ച് അസഭ്യം പറയുക മാത്രമല്ല, ഒട്ടേറെ ഗ്രൂപ്പുകളിൽ ഫോൺ നമ്പർ നൽകി തെറ്റായ രീതിയിൽ പ്രചാരണം നടത്തുകയും ചെയ്യുകയാണ്. ഇതോടെ രാപകലില്ലാതെ വിദേശങ്ങളിൽ നിന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായി വിഡിയോ കോൾ ഉൾപ്പെടെ വരികയാണ്. ഇത്തരത്തിലുള്ള പല നമ്പറുകളും ബ്ലോക്ക് ചെയ്തു, ചിലരെ പറഞ്ഞു തിരുത്തി. എന്നിട്ടും ശല്യം തീരുന്നില്ല.

ഗത്യന്തരമില്ലാതെ ഇക്കഴിഞ്ഞ 17നു പാലക്കാട് സൈബർ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ഔദ്യോഗിക ഫോൺ അനുവദിക്കണമെന്ന ഏറെക്കാലമായുള്ള ആവശ്യം ഇനിയും നടപ്പായിട്ടില്ല. ഫോൺ ചെയ്യുന്നതു മാത്രമല്ല, വിവിധ ആപ്പുകളും ഇവർ സ്വകാര്യ ഫോണിലാണ് ഉപയോഗിക്കുന്നത്. ജെഎച്ച്ഐക്കു നേരെയുള്ള സൈബർ ആക്രമണത്തിൽ അടിയന്തര നടപടി വേണമെന്നു കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി കെ.സുരേഷ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *