വിതുര ∙ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽപെട്ട അച്ഛനും മകൾക്കും അദ്ഭുത രക്ഷപ്പെടൽ. ബൈക്ക്, കാട്ടാന ഇടിച്ചുതെറിപ്പിച്ചതിനെ തുടർന്നു റോഡിന്റെ കുഴിയിലേക്കു വീണ ഇരുവർക്കും പരുക്കേറ്റു. ഇരുവരും കുഴിയിൽ വീണതിനെത്തുടർന്നു കാട്ടാന പിന്മാറുകയായിരുന്നു. വിതുര കല്ലാർ മൊട്ടമൂട് ആദിവാസി ഉന്നതിയിലെ എം.വി.മഹേഷ്(37), മകൾ അനന്യ വി.മഹേഷ്(12) എന്നിവരെയാണു കാട്ടാന ആക്രമിച്ചത്. ഇന്നലെ രാവിലെ 6.45ന് ആയിരുന്നു സംഭവം.
വിതുര ഗവ: വിഎച്ച്എസ്എസ്സിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ അനന്യയെ കൊപ്പം ജംക്‌ഷനിലെ ട്യൂഷൻ സെന്ററിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് കാട്ടാനയെത്തിയത്. വളവ് തിരിഞ്ഞ് വന്നതിനാൽ കാട്ടാനയെ മഹേഷ് കണ്ടിരുന്നില്ല. ആനയെ കണ്ടയുടൻ മഹേഷ് ബൈക്ക് നിർത്തി. ബൈക്ക് കണ്ട കാട്ടാന വനത്തിനുള്ളിലേക്കു പോകാതെ തിരിഞ്ഞു മഹേഷിനും മകൾക്കും നേരെ പാഞ്ഞടുത്തു. ഓടിയെത്തിയ ആന ബൈക്കിൽ തുമ്പിക്കൈ കൊണ്ട് ശക്തിയായി അടിച്ചതോടെ മഹേഷും മകളും റോഡിന്റെ വശത്തെ കുഴിയിലേക്കു വീണു.
ഇരുവരും കുഴിയിൽ വീണതുകൊണ്ട് കൊമ്പൻ കുഴിയിലേക്കിറങ്ങി ആക്രമണത്തിനു മുതിരാതിരുന്നതു തുണയായി. പിന്നീട് റോഡിലൂടെ തന്നെ കുറച്ചു നേരം ഓടിയ ശേഷം ആന ഉൾവനത്തിലേക്കു പോയി. കുഴിയിൽ നിന്ന് എഴുന്നേറ്റ മഹേഷ് ബൈക്ക് അവിടെ ഉപേക്ഷിച്ച ശേഷം മകളെയും വാരിയെടുത്ത് അരക്കിലോമീറ്റർ അകലെയുള്ള വനം സെക്‌ഷൻ ഓഫിസിലേക്ക് ഓടി. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനം ഉദ്യോഗസ്ഥർ ഇരുവരെയും പിന്നീട് വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വീഴ്ചയുടെ ആഘാതത്തിൽ മഹേഷിന്റെ കൈക്കും കാലിനും പരുക്കേറ്റു. അനന്യയുടെ കൈയ്ക്കാണു പരുക്ക്. ബൈക്കിന്റെ പെട്രോൾ ടാങ്കിലാണ് ആന തുമ്പിക്കൈ കൊണ്ട് ഇടിച്ചത്. ടാങ്കിന്റെ ഒരു വശം തകർന്നു. ഹാൻഡിലും ബ്രേക്കും ഇൻഡിക്കേറ്ററും തകരാറിലായി.
മൊട്ടമൂട് ആദിവാസി ഉന്നതി പരിസരത്തു പതിവായി കാട്ടാനയും കാട്ടാനക്കൂട്ടവും എത്താറുണ്ട്. ഇവയെ കണ്ടുശീലിച്ചവരാണ് മഹേഷും മകളും. എന്നാൽ മരണത്തെ മുന്നിൽക്കണ്ട് കാട്ടാനയെ അഭിമുഖീകരിക്കുന്നത് ഇതാദ്യം. അതിരാവിലെ എഴുന്നേറ്റ് സ്വന്തം പുരയിടത്തിൽ ടാപ്പിങ് നടത്തിയ ശേഷമാണ് മകളെ ട്യൂഷൻ സെന്ററിലാക്കാൻ മഹേഷ് പുറപ്പെട്ടത്.
‘‘രാവിലെ മകൾക്കൊപ്പം തമാശകളൊക്കെ പറഞ്ഞു ബൈക്കിൽ വരികയായിരുന്നു. ഏതാനും മീറ്ററുകൾ മാത്രം ദൂരെയാണു കൊമ്പനെ കണ്ടത്. ബൈക്ക് നിർത്തിയ ശേഷം എന്തു ചെയ്യണമെന്നു ചിന്തിക്കുന്നതിനു മുൻപേ കൊമ്പന്റെ തുമ്പിക്കൈ ബൈക്കിന്റെ ടാങ്കിൽ പതിച്ചു. ബൈക്ക് റോഡരികിലും ബൈക്കിൽ നിന്നു ഞാനും മകളും കുഴിയിലേക്കും വീണു. എന്തോ ഭാഗ്യം കൊണ്ടാണു കുഴിയിലേക്ക് ഇറങ്ങി ആന ആക്രമിക്കാതിരുന്നത്. ഒരുപക്ഷേ നിലവിളി കേട്ട് ആന മറ്റൊരു ദിശയിലേക്ക് മാറിയതാവാം.’– മഹേഷ് പറയുന്നു.
ആനയെ വ്യക്തമായി കാണും മുൻപേ തെറിച്ചുവീണെന്ന് അനന്യ പറഞ്ഞു. എഴുന്നേറ്റ ശേഷമാണ് കാട്ടാന ആക്രമിച്ചതാണെന്നു മനസ്സിലായത്. എഴുന്നേറ്റ് പിന്നിലേക്ക് നോക്കിയപ്പോൾ ഏറെ ദൂരെയല്ലാതെ ഒരു കുട്ടിയാനയെയും കണ്ടു. അത് തല കുലുക്കി ബഹളം വയ്ക്കുന്നുണ്ടായിരുന്നെന്നും അനന്യ ഭീതിയോടെ പറഞ്ഞു. കാട്ടാനക്കൂട്ടം തമ്പടിക്കുന്ന മേഖലയാണെങ്കിലും വാഹനങ്ങളുടെ ശബ്ദം കേട്ടാൽ ആനകൾ ഉൾക്കാട്ടിലേക്കു പോകാറാണു പതിവെന്നു നാട്ടുകാർ പറഞ്ഞു. റോഡിലേക്കിറങ്ങി ആക്രമണം നടത്തുന്നത് ഇതാദ്യമാണെന്നും ഇവർ പറയുന്നു.