ന്യൂഡൽഹി
പൗരന്മാരുടെ ജനാധിപത്യപരമായ പ്രതിഷേധാവകാശങ്ങളെ പൊലീസിന് ബലം പ്രയോഗിച്ച് അടിച്ചമർത്താനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമാധാനപരമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളെ നേരിടാൻ രാജ്യവ്യാപകമായി പൊലീസിന് ഏകീകൃത പ്രോട്ടോക്കോൾ രൂപീകരിക്കണമെന്ന് നിർദേശിച്ച പരമോന്നത കോടതി, പ്രതിഷേധക്കാർക്ക് നേരെയുള്ള അനാവശ്യമായ ബലപ്രയോഗങ്ങളെ കടുത്ത് ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ജന്തർ മന്ദറിൽ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
സമരക്കാർക്ക് നേരെ മുന്നറിയിപ്പില്ലാതെ ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകവും പെല്ലറ്റ് തോക്കുകളും പ്രയോഗിക്കുകയും ചെയ്ത സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. സമരരംഗത്തുണ്ടായിരുന്ന പെൺകുട്ടികളെ പുരുഷ പൊലീസുകാർ മർദിച്ചതടക്കമുള്ള ആരോപണങ്ങൾ ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ഭരണഘടന അനുശാസിക്കുന്ന പ്രതിഷേധിക്കാനുള്ള അവകാശം തടയാൻ ഭരണകൂടത്തിനോ പൊലീസിനോ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. സമരം നടക്കുന്നു എന്നതുകൊണ്ടു മാത്രം ക്രമസമാധാന സേന ക്രൂരമായ ബലപ്രയോഗത്തിലേക്ക് കടക്കരുത്. പൊലീസിന്റെ ഭാഗത്തുനിന്ന് സ്വയം അച്ചടക്കവും നിയന്ത്രണവും നിർബന്ധമാണ്.
എന്നാൽ സമരത്തിനിടയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സാമൂഹിക വിരുദ്ധർ ഉണ്ടെങ്കിൽ അവരെ പ്രത്യേകമായി നേരിടണമെന്നും അതിനായി സമാധാനപരമായി പ്രതിഷേധിക്കുന്ന പൊതുജനങ്ങളെയും വിദ്യാർത്ഥികളെയും ആക്രമിക്കരുതെന്നും കോടതി നിർദേശിച്ചു. നേരത്തെ ഈ കേസിലെ ഹർജി പരിഗണിക്കുന്നതിനിടെ പുറത്തുവന്ന ദൃശ്യങ്ങൾ പരിശോധിക്കാൻ സമയമില്ലെന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം വലിയ ചർച്ചയായിരുന്നു. എന്നാൽ, കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാത്ത ഹർജിയായതിനാലാണ് അതെന്നും നിയമപരമായ വഴിയിലൂടെ വിഷയം വരുമ്പോൾ അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കുമെന്നും പിന്നീട് കോടതി വ്യക്തമാക്കുകയുണ്ടായി. നിലവിലെ വിധിയിലൂടെ പൊലീസ് സേനയുടെ അമിതാധികാര പ്രയോഗങ്ങൾക്ക് തടയിടാൻ കൃത്യമായ വഴികാട്ടി പുറപ്പെടുവിക്കാനാണ് സുപ്രീം കോടതി ഒരുങ്ങുന്നത്.