അഭിജീത് ദീപ്കെയ്ക്ക് പാർലമെന്റ് സീറ്റ്

കോട്ടയം∙ ‘‘സിജെപിക്ക് രാഷ്ട്രീയ പ്രസ്ഥാനമായി മാറാൻ കഴിയില്ല. അതിനകത്തുള്ള ജെൻസീക്കാർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വന്നവരല്ല. അഭിജീത് ദീപ്കെയ്ക്ക് ഒരു രാഷ്ട്രീയ ഓഫറുണ്ടാകും. ബിജെപി തന്നെ ഒരു ഓഫർ മുന്നോട്ടുവച്ചേക്കാം. പഞ്ചാബിലെ ചോദ്യപ്പേപ്പർ ചോർച്ചയാണ് സിജെപി അടുത്ത വിഷയമായി ഉയർത്തിക്കാട്ടാൻ പോകുന്നത്. ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്തോറും അവരൊരു രാഷ്ട്രീയ നിലപാട് സ്വീകരിക്കും. അഭിജീത് പാർ‌ലമെന്റ് തിരഞ്ഞെടുപ്പിൽ‌ മത്സരിച്ചേക്കാം. അങ്ങനെ വന്നാൽ അഭിജീത്തിന് ഒരു പ്രാതിനിധ്യം കിട്ടിയേക്കാം. പക്ഷേ സിജെപിക്കു ഗുണമുണ്ടായെന്നു വരില്ല. വ്യക്തിപരമായ താൽപര്യങ്ങൾ സിജെപിയെ ബാധിച്ചേക്കാം. അഭിജീത് മത്സരിച്ചാൽ‌ വിദ്യാർഥികൾക്കിടയിൽ തന്നെ പ്രശ്നങ്ങളുണ്ടായേക്കും’’ – യൂത്ത് കോൺഗ്രസ് സംസ്ഥാന സോഷ്യൽ മീഡിയ ചെയർമാൻ രജിത് രവീന്ദ്രന്റെ വാക്കുകളാണിത്.

എന്താണ് ഇന്ദുചൂഡന്റെ ഫ്യൂച്ചർ പ്ലാൻ ?’ എന്ന് നരസിംഹത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തോട് അച്ഛനായ തിലകൻ ചോദിക്കും പോലെയാണ് സിജെപിക്കാരോടു രാജ്യത്തിന്റെ ചോദ്യം. ജനപിന്തുണയുടെ കരുത്തിൽ തിരഞ്ഞെടുപ്പുകളെ നേരിടുന്ന രാഷ്ട്രീയ പാർട്ടിയായി സിജെപി മാറുമോ? എന്താണ് അഭിജീത് ദീപ്കെയുടെയും സംഘത്തിന്റെയും മനസ്സിലിരുപ്പ്? ആം ആദ്മി പാർട്ടിയെ (എഎപി) പോലെയാകുമോ സിജെപിയുടെ ഭാവി? ജെൻസീ പിള്ളേരെല്ലാം സിജെപിക്കു വേണ്ടി വോട്ട് പിടിക്കാനും സ്ഥാനാർഥികളാകാനും രംഗത്തിറങ്ങുമോ? ചോദ്യങ്ങൾ നിരവധിയാണ്.

കാവലാകുമോ സിജെപി

സിജെപി നടത്തിയിട്ടുള്ള പോരാട്ടം രാജ്യത്തെ നിരവധി പ്രസ്ഥാനങ്ങളെ അടിസ്ഥാനപ്പെടുത്തി ഇനിയും ഉണ്ടായേക്കാമെന്നാണ് പ്രതീക്ഷയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എംഎൽഎ പറയുന്നു. ‘‘നീറ്റ് പരീക്ഷയെക്കാൾ ഗൗരമുള്ള വിഷയമാണു യുവാക്കളെ സംബന്ധിച്ച് ലേബർ കോഡ്. അത്തരം വിഷയങ്ങളിൽ സിജെപിക്ക് കൂടുതൽ ശക്തമായ ഇടപെടൽ നടത്താൻ കഴിയും. സിജെപി രാഷ്ട്രീയ പാർട്ടിയാകുമോ എന്നു പ്രവചിക്കാൻ കഴിയില്ല. അഥവാ അങ്ങനെ വന്നാലും അതിൽ തെറ്റൊന്നുമില്ല. ബിജെപിക്ക് എതിരായ ഏതു നിലപാടുകളെയും പോസറ്റീവായി മാത്രമേ കാണുന്നുള്ളൂ’’ – സനോജ് പറഞ്ഞു.കേന്ദ്ര സർക്കാർ സിജെപിയുടെ അഞ്ചിന പരീക്ഷാ പരിഷ്കരണ ഉടമ്പടി ചർച്ച ചെയ്യാമെന്നു സമ്മതിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ സർക്കാരുമായി നടത്തുന്ന തുടർച്ചയായ ചർച്ചകളിലൂടെ രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് സ്ഥിരമായ ഒരു കാവൽക്കാരനായി (വാച്ച് ഡോഗ്) പ്രവർത്തിക്കാൻ സിജെപിക്കു സാധിച്ചേക്കാമെന്നും സനോജ് പറയുന്നു. ഡിജിറ്റൽ സാക്ഷരതയും രാഷ്ട്രീയ ബോധവുമുള്ള യുവാക്കൾക്കിടയിൽ സിജെപിക്കു വലിയ പിന്തുണയുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനങ്ങളിൽ പ്രാദേശിക ചാപ്റ്ററുകൾ കൂടുതൽ ശക്തമാക്കാനും വിദ്യാർഥി – യുവജന പ്രശ്നങ്ങളിൽ നിരന്തരം ഇടപെടാനും പ്രസ്ഥാനം ലക്ഷ്യമിടുന്നുണ്ട്. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കു നേരിട്ട് ഇറങ്ങിയില്ലെങ്കിൽ പോലും, ജനങ്ങളുടെയും യുവാക്കളുടെയും പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചു സർക്കാരുകളെ സമ്മർദത്തിലാക്കാൻ പോന്ന ശക്തമായ ജനാധിപത്യ കൂട്ടായ്മയായി സിജെപിക്കു നിലനിൽക്കാൻ കഴിയുമെന്നും കരുതുന്നവരുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *