ന്യൂഡൽഹി: 20 ശതമാനം എഥനോൾ അടങ്ങിയ ഇ20 പെട്രോൾ പഴയ വാഹനങ്ങളിൽ ഉപയോഗിക്കുന്നത് എഞ്ചിൻ തകരാറിന് കാരണമാകില്ലെന്ന് പെട്രോളിയം മന്ത്രാലയം. നീതി ആയോഗ്, വാഹന നിർമാതാക്കൾ, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യ (എആർഎഐ) തുടങ്ങിയവരുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 സുരക്ഷിതമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി രാജ്യസഭയെ അറിയിച്ചു.
പഴയ വാഹനങ്ങളിൽ ഇ20 ഉപയോഗിക്കുന്നതുമൂലം ശേഷിയിൽ കാര്യമായ വ്യത്യാസമുണ്ടാകുന്നില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ ഇന്ധനം മൂലം ഏതെങ്കിലും വാഹനത്തിന്റെ എഞ്ചിൻ തകരാറിലായതായി ഇതുവരെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത്തരം ഇന്ധനമുപയോഗിക്കുന്ന വാഹനങ്ങൾക്ക് നിർമാതാക്കൾ വാറന്റി നൽകുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം, ഇ20 പെട്രോൾ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന എത്ര വാഹനങ്ങൾ രാജ്യത്തുണ്ടെന്നതിന്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്നും മന്ത്രി സഭയിൽ അറിയിച്ചു.
രാജ്യത്ത് ഇ20 പെട്രോൾ വ്യാപകമാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ മുൻപ് വ്യക്തമാക്കിയിരുന്നു. സിപിഎം എംപിമാരായ ജോൺ ബ്രിട്ടാസിനെയും വി. ശിവദാസനെയുമാണ് ഇക്കാര്യം അറിയിച്ചത്. ഇ20 പെട്രോളിനെ പിന്തുണച്ച് വാഹന നിർമ്മാതാക്കളും രംഗത്തുവന്നിരുന്നു. ഇന്ധനം എഞ്ചിന് കേടുണ്ടാക്കുമെന്നും തേയ്‌മാനം കൂട്ടുമെന്നുമുള്ള പ്രചാരണം തെറ്റാണെന്നാണ് ഇവർ പറഞ്ഞത്.
ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങൾ കർശനമായ പരിശോധനയ്ക്കും സർട്ടിഫിക്കേഷൻ പ്രക്രിയകൾക്കും വിധേയമാകുന്നുണ്ടെന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും മേധാവിയുമായ വിക്രം ഗുലാത്തി പറഞ്ഞു. കാര്യമായ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് മാരുതി സുസുക്കി ഇന്ത്യ സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ രാഹുൽ ഭാരതിയും അറിയിച്ചിരുന്നു.