കൊച്ചി : ട്വന്റി 20 പാർട്ടിയിൽ നിന്ന് രാജിവെച്ച അഖിൽ മാരാരുടെ നടപടിക്ക് പിന്നാലെ, നടനും എം.എൽ.എയുമായ രമേഷ് പിഷാരടി മുമ്പ് അദ്ദേഹത്തെക്കുറിച്ച് നടത്തിയ പരിഹാസ രൂപേണയുള്ള പരാമർശങ്ങൾ വീണ്ടും ചർച്ചയാകുന്നു. പറയുന്ന നിലപാടുകൾ ഇടയ്ക്കിടെ തിരുത്തിപ്പറയുന്ന അഖിൽ മാരാരുടെ സ്വഭാവത്തെക്കുറിച്ച് പിഷാരടി മുൻപ് പറഞ്ഞ കാര്യങ്ങൾ, ഇപ്പോഴത്തെ രാജിയോടെ കൂടുതൽ ശരിവെക്കപ്പെടുകയാണെന്നാണ് സോഷ്യൽ മീഡിയ ഭാഷ്യം.
നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിൽ മാരാർ തൃക്കാക്കരയിൽ ട്വന്റി 20 സ്ഥാനാർഥിയായും, രമേഷ് പിഷാരടി പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയായും മത്സരിച്ച സമയത്താണ് ഇരുവർക്കുമിടയിൽ വാക്പോര് ഉണ്ടായത്. അന്ന് മാരാർ തനിക്കെതിരെ നടത്തിയ വിമർശനങ്ങൾക്കുള്ള മറുപടിയായാണ് പിഷാരടി വരുംകാലത്തെക്കുറിച്ച് കൃത്യമായ സൂചന നൽകിയത്.
അഖില്‍ മുതിര്‍ന്ന ആളല്ല. എന്നേക്കാളും ഇളയ ആളാണ്. അഖില്‍ എന്നെ ശ്രദ്ധിക്കുന്ന പോലെ അദ്ദേഹത്തെ ഞാന്‍ ശ്രദ്ധിക്കുന്നില്ല, സമയമില്ല. നിങ്ങള്‍ പറയുമ്പോഴാണ് പുള്ളി എന്തെങ്കിലും പറഞ്ഞെന്ന് അറിയുന്നത്. അതിന് അഭിപ്രായം പറയാന്‍ പറ്റില്ല. തന്നെ പറ്റി അഖില്‍ പറഞ്ഞത് കുറ്റമോ മോശമോ ആയിരിക്കില്ലേ എന്നും രമേഷ് പിഷാരടി ചോദിച്ചു. ”അതേ പറയാന്‍ സാധ്യതയുള്ളൂ. ഒരാഴ്ച കഴിയുമ്പോ ഞാന്‍ മഹാനാണെന്നും നല്ല മനുഷ്യനാണെന്നും അദ്ദേഹം തിരുത്തി പറയും. ഞാന്‍ ഈ പറഞ്ഞതിന് പുള്ളി അഭിപ്രപായം പറയും. നിങ്ങളാരും മറുപടി പറയേണ്ട. ഒരാഴ്ച കഴിയുമ്പോ പിന്നെയും തിരുത്തു പറയും. രണ്ടു മൂന്നു വര്‍ഷം പരീഷണത്തിനിട്ട ശേഷം എന്താണ് സ്റ്റേറ്റ്മെന്‍റ് എന്ന് ഉറപ്പിച്ച ശേഷം ഒരു മറുപടി കൊടുക്കാം” എന്നായിരുന്നു പിഷാരടിയുടെ അന്നത്തെ പരിഹാസം. പിഷാരടിയുടെ ആ പ്രതികരണത്തിന്‍റെ വീഡിയോ ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിലും വൈറലാണ്.
ട്വന്റി 20 അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചാണ് അഖിൽ മാരാർ ഇപ്പോൾ പാർട്ടി അംഗത്വം രാജിവെച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ മണ്ഡലം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നും സാബു എം. ജേക്കബിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്ക് മാത്രമാണ് പാർട്ടി പ്രവർത്തിക്കുന്നതെന്നും ആരോപിച്ചാണ് രാജി.
എന്നാൽ, മുൻപ് പങ്കുവെച്ച വിവാദ നിലപാടുകളും, പല വിഷയങ്ങളിലും തുടരെത്തുടരെ നിലപാടുകൾ മാറ്റുന്ന രീതിയും അഖിൽ മാരാരെ വീണ്ടും പ്രതികൂട്ടിലാക്കുകയാണ്. ഇന്ത്യ-പാകിസ്താൻ അതിർത്തി തർക്കങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ അഖിൽ മാരാർക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് ഈ കേസിൽ ഹൈക്കോടതി ഇദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചു.
പ്രസവവും ഗർഭാവസ്ഥയും ലളിതമായ പ്രകൃതിദത്ത പ്രക്രിയ മാത്രമാണെന്നും, ആധുനിക ആശുപത്രികൾ ഇതിനെ അനാവശ്യമായി ഭയപ്പെടുത്തി വാണിജ്യവൽക്കരിക്കുകയാണെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വനിതാ പ്രവർത്തകർക്കിടയിലും ഡോക്ടർമാർക്കിടയിലും വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായി.
ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ മത്സരിക്കവേ, അന്തരിച്ച അട്ടപ്പാടി മധുവിനെ പരിഹസിച്ചു സംസാരിച്ചതും, സഹമത്സരാർഥികൾക്ക് മുന്നിൽ മുണ്ട് പൊക്കി കാണിച്ചതും, ഭാര്യയെ തല്ലിയിട്ടുണ്ടെന്ന രീതിയിലുള്ള തുറന്നുപറച്ചിലുകളും വലിയ രീതിയിൽ വിമർശിക്കപ്പെടുകയും അവതാരകൻ മോഹൻലാൽ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.