ബംഗാൾ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടെത്തി,പിടിയിലായി

കൊൽക്കത്ത: ബംഗാളിലെ പൂർവ ബർധമാൻ ജില്ലയിൽ അറസ്റ്റിലായ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവ് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ലക്ഷ്യമിട്ടെന്നും സ്പെഷ്യൽ ടാക്സ് ഫോഴ്സിന്റെ(എസ്ടിഎഫ്) കണ്ടെത്തൽ. പൊലീസ് യൂണിഫോം ധരിച്ച് ജന്തർമന്ദറിലെ പ്രതിഷേധത്തിൽ നുഴഞ്ഞുകയറാനും അവിടെ കലാപം ഉണ്ടാക്കുകയുമായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും എസ്‌ടിഎഫ് പറഞ്ഞു.

രണ്ടുദിവസം മുൻപാണ് പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദ് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹമീം മൊണ്ഡൽ ബംഗാളിൽ നിന്ന് പിടിയിലായത്. തുടർന്ന് എസ്ടിഎഫ് കസ്റ്റഡിയിലെടുത്ത ഇയാളെ കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വിടുകയുമായിരുന്നു.

വെള്ളിയാഴ്ച ഹമീമിന്റെ കാമുകി അർപ്പിത സർക്കാരിനെയും ജാർഖണ്ഡിൽ നിന്ന് അറസ്റ്റുചെയ്തിരുന്നു. മന്ത്രി ഉമേഷ് റായിയുടെ മകനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുക്കാൻ ഇരുവരും പദ്ധതിയിട്ടിരുന്നതായും ആരോപണമുണ്ട്. ഇരുവർക്കും പാക്കിസ്ഥാൻ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വാട്സ്ആപ്പ് ചാറ്റുകൾ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ നാലുവർഷമായി ഹമീം മൊണ്ടലും അർപ്പിതയും തമ്മിൽ പ്രണയത്തിലാണ്. സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഹണിട്രാപ്പ് കേസ് അന്വേഷണത്തിനിടെ അർപ്പിതയുടെ സോഷ്യൽ മീഡിയ പരിശോധിച്ചതാണ് എസ്ടിഎഫ് ഹമീമിലേയ്ക്ക് എത്താൻ കാരണമായത്. സംഭവത്തിൽ അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും എസ്ടിഎഫ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *