മലപ്പുറം/കൊച്ചി∙ അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ. കണ്ണൂർ പനങ്കാവിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അർജുന്റെ ഭാര്യയുടെ പേരിലുള്ളതാണ് വാഹനം. പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി നേരത്തെ എടപ്പാളിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എടപ്പാളിലെ റസ്റ്ററന്റിൽ അർജുൻ ആയങ്കി എത്തി ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അർജുന് ഒളിവിൽ താമസിക്കാൻ സഹായം നൽകിയ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ ഡിവൈഎസ്പി എ.എം.സിദ്ദീഖിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സഹായികൾ വലയിലായത്.
അര്‍ജുന്‍ ആയങ്കി വിഷയത്തില്‍ എല്ലാം പൊലീസ് നോക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അർജുൻ ആയങ്കിക്കെതിരെ തോക്ക് ഉപയോഗിക്കാന്‍ പൊലീസിനു നിര്‍ദേശം ഉള്ളതായി അറിയില്ല. റൗഡികള്‍ പലതും പറയുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായി സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചതിന് അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ് റജിസ്റ്റർ ചെയ്തു. എറണാകുളം റൂറൽ സൈബർ പൊലീസാണ് കേസെടുത്തത്. മനോജ് ജോസ് ആഴകത്ത് എന്നയാൾ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
‘പ്രതിക്ക് കേരള മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ച് പൊതുജനങ്ങൾക്കിടയിൽ സ്പർധ ഉണ്ടാക്കി ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടു കൂടി’ സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഒളിവിൽ പോകുന്നതിനു മുൻപായിരുന്നു മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ആയങ്കിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.
അതിനിടെ, അർജുൻ ആയങ്കിയെ കണ്ടെത്താൻ സ്പെഷൽ സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പൊലീസുമായി ബന്ധപ്പെട്ട ഏതൊരു നീക്കത്തോടും സമൂഹമാധ്യമങ്ങൾ വഴി ആയങ്കി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്്. കണ്ടാൽ െവടിവയ്ക്കാൻ ഉത്തരവ് എന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകളോട് ആയങ്കി പ്രതികരിച്ചത് ‘മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ല’ എന്നായിരുന്നു.