കാക്കനാട് (കൊച്ചി) ∙ ‘ഞാനിപ്പോൾ കുളിച്ചേനേ….’ ഇന്നലെ രാവിലെ സ്കൂളിൽ പോകാനായി കുളിക്കാൻ കയറും മുൻപേ വാട്സാപ് നോക്കിയ വിദ്യാർഥിയുടെ ആത്മഗതം. അവധി വൈകി അറിഞ്ഞതിന്റെ പരിഭവം അവൻ സന്ദേശമായി കലക്ടർ ജി.പ്രിയങ്കയ്ക്ക് അയയ്ക്കുകയും ചെയ്തു.സാരമില്ല, റെഡ് വൈകിയല്ലേ പ്രഖ്യാപിച്ചത്, ആന്റിയുടെ കുറ്റമല്ല’–കലക്ടറെ വെറുപ്പിക്കാതിരിക്കാൻ അവന്റെ വക ആശ്വാസ വാക്കും. അവധിയുടെ പെരുമഴക്കാലത്ത് കലക്ടറുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ ന്യൂജെൻ സന്ദേശങ്ങൾ കുത്തി നിറച്ചാണ് കുട്ടിപ്പട സന്തോഷം പങ്കു വയ്ക്കുന്നത്. മുത്തേ…, പൊന്നേ…. ചേച്ചി…. എന്നൊക്കെ വിളിച്ച് കലക്ടറുടെ മേൽ സ്നേഹ മഴ പെയ്യിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ കുട്ടികൾ.
അവധിയോട് അത്ര പ്രിയമില്ലാത്ത ചിലരുടെ വക വിമർശനങ്ങളും കലക്ടറെ തേടിയെത്തുന്നുണ്ട്. അതേസമയം ഇന്നലെ അവധി പ്രഖ്യാപനം വൈകിയത് സ്വാഭാവികമാണെന്ന് കലക്ടർ ജി.പ്രിയങ്ക പറഞ്ഞു. പുലർച്ചെ നാലിനാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത്. നടപടികൾ പൂർത്തിയാക്കി ഉടൻ അവധി പ്രഖ്യാപിക്കുകയും ചെയ്തു. പുലർച്ചെ 5 മണിയോടെ പിആർഡി വഴി അറിയിപ്പ് മാധ്യമങ്ങൾക്ക് നൽകി. സാമൂഹിക മാധ്യമങ്ങളിലും ഇട്ടു.