കുന്നംകുളം ∙ എന്തിനാണീ മരണപ്പാച്ചിൽ. കഴിഞ്ഞ ദിവസം രണ്ടുപേരുടെ ജീവനപഹരിച്ച ബസ് അപകടത്തെക്കുറിച്ച് എല്ലാവരുടെയും ചോദ്യമിതാണ്. ചൂണ്ടൽ – കുറ്റിപ്പുറം സംസ്ഥാനപാതയിലെ വാഹനങ്ങളുടെ അമിതവേഗവും റോഡ് സുരക്ഷാസംവിധാനങ്ങളുടെ കുറവും റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും അടിക്കടി അപകടം വരുത്തുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്. കല്ലുപുറം – കുന്നംകുളം റോഡ് നവീകരണം പൂർത്തിയാക്കി തുറന്നത് മാസങ്ങൾക്ക് മുൻപാണ്. 10 കിലോമീറ്റർ മാത്രമുള്ള ഈ പാതയിൽ ജീവഭയമില്ലാത്ത സഞ്ചരിക്കാൻ കഴിയാത്ത വിധം ചെറുതും വലുതുമായ അപകടങ്ങൾ ദിവസവും ഉണ്ടാകുന്നു.
അക്കിക്കാവിൽ ലോറിയിടിച്ച് ഇരുപത്തിനാലുകാരനായ ഇരുചക്രവാഹന യാത്രികൻ മരിച്ചത് കഴിഞ്ഞ ദിവസമാണ്. കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ പൂട്ടിക്കിടന്ന കടയിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ മരിച്ചതും ഈയിടെയാണ്. ഈ അപകടത്തിൽ 10 പേർക്ക് പരുക്കേറ്റിരുന്നു. വ്യാഴാഴ്ച ഉണ്ടായ അപകടത്തിൽ സാരമായി പരുക്കേറ്റ പലരും ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
അപകടം തുടർസംഭവമായിട്ടും റോഡിൽ സുരക്ഷ ഒരുക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ഈ റോഡിൽ ഗതാഗതം നിയന്ത്രിക്കാൻ പെരുമ്പിലാവ് ജംക്‌ഷനിലും അക്കിക്കാവിലും സ്ഥാപിചിട്ടുള്ള സിഗ്നൽലൈറ്റുകൾ ഏറെക്കാലമായി പ്രവർത്തിക്കുന്നില്ല. റോഡ് നവീകരണം പൂർത്തിയായിട്ടും റോഡരികിലെ ചിലയിടങ്ങളിൽ കുഴിയാണ്. സീബ്രാ ക്രോസിങ്, മുന്നറിയിപ്പ് ബോർഡുകൾ, നിരീക്ഷണ ക്യാമറകൾ, രാത്രികാല സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയൊന്നും ഇനിയും ഒരുക്കാത്തതും അപകടം വർധിപ്പിക്കുന്നു.
വിവിധ കാരണങ്ങൾ ഈ പാതയിൽ സ്വകാര്യബസുകൾ പതിവിലും കുറവാണ് ഇപ്പോഴുള്ളത്. ഈ പാതയിലെ ഗതാഗതക്കുരുക്കും കുറ ഞ്ഞിട്ടുണ്ട്. എന്നിട്ടും അതിവേഗത്തിൽ എന്തിനാണ് ബസ് ഓടുന്നത് എന്ന് വിശദീകരിക്കാൻ ബസ് ജീവനക്കാർക്ക് കഴിയുന്നില്ല. വേഗം നിയന്ത്രിക്കാൻ ചില ബസുടമകൾ അനുവദിക്കുന്നില്ലെന്നാണ് ചിലരുടെ പരാതി. ചീറിപ്പായുന്ന സ്വകാര്യ ബസുകൾ പരിശോധിക്കാനും നടപടിയെടുക്കാനും പൊലീസും മോട്ടർ വാഹനവകുപ്പും തയാറാവുന്നില്ല.