ശ്രീറാമിന്റെ രക്തം പുരണ്ട വസ്ത്രങ്ങൾ ക്വാർട്ടേഴ്സിലേക്ക് മാറ്റി, കെഎം ബഷീർ കേസിൽ സാക്ഷികളുടെ നിർണായക മൊഴി

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ മദ്യലഹരിയിൽ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമൻ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതിയിൽ സാക്ഷികളുടെ നിർണായക മൊഴി. പത്തും പതിനൊന്നും സാക്ഷികളായി വിസ്തരിച്ച ഡോ. അനീഷ് രാജും ഐ എ എസ് ട്രെയിനി അതുലുമാണ് മൊഴി നൽകിയത്.

കൃത്യത്തിന് ശേഷം അപകടസമയത്ത് താൻ വന്നിരുന്നെന്നും ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിലേക്ക് മാറ്റിയതായും അനീഷ് രാജ് തിരുവനന്തപുരം നാലാം അഡീഷനൽ സെഷൻസ് കോടതിയിൽ മൊഴി നൽകി. അപകടത്തിന് ശേഷം ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ കവടിയാറിലെ സിവിൽ സർവീസ് ക്വാർട്ടേഴ്സിൽ കൊണ്ടുപോയി വെക്കുകയായിരുന്നു. തുടർന്ന് പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷമാണ് ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ നിന്നും കിംസ് ആശുപത്രിയിൽ എത്തിച്ചതെന്ന് പത്താം സാക്ഷിയായ ഡോ. അനീഷ് രാജ് പറഞ്ഞു. ശേഷം കവടിയാറിലെ ക്വാർട്ടേഴ്സിൽ വെച്ചിരുന്ന രക്തം പുരണ്ട ഷർട്ടും നീല ജീൻസും 2019 ഓഗസ്റ്റ് നാലിന് എടുത്ത് പോലീസിനെ ഏൽപ്പിച്ചത് താനാണെന്നായിരുന്നു അതുലിന്റെ മൊഴി.

എന്നാൽ, അന്ന് പോലീസിന് നൽകിയ അതേ വസ്ത്രങ്ങൾ തന്നെയാണോ ഇപ്പോൾ കോടതിയിൽ കാണിച്ചത് എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് ‘വ്യക്തമായി ഓർമയില്ല’ എന്നാണ് ഇരുസാക്ഷികളും മറുപടി നൽകിയത്. ഇത്തരത്തിൽ പൊലീസ് മൊഴി ശ്രീറാമിന്റെ രണ്ട് സുഹൃത്തുക്കളും കോടതിയിൽ തിരുത്തുകയായിരകുന്നു. കേസിന്റെ വിചാരണ ഇന്നും തുടരും.

Leave a Reply

Your email address will not be published. Required fields are marked *