മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി, അപകടമുണ്ടായത് ഇന്നലെ

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്നുവീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ പ്രവീണിന്റെ (തോമസ്, 42) മൃതദേഹമാണ് കണ്ടുകിട്ടിയത്. രാവിലെ മത്സ്യബന്ധനത്തിനുപോയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

ഓഗസ്റ്റ് പത്തിന് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. വള്ളം ഒതുക്കിയിട്ടിരുന്ന സമയത്തായിരുന്നു അപകടം. പ്രവീണായിരുന്നു വള്ളം ഓടിച്ചത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ സാധിച്ചിരുന്നില്ല.

അതേസമയം, കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഇന്നും തുടരും. തിരുവനന്തപുരത്തുനിന്ന് കാണാതായ ജോൺ, ഷിജിൻ, കൊല്ലത്തുനിന്ന് കാണാതായ ഗൗതം കൃഷ്ണ എന്നിവർക്കായാണ് തെരച്ചിൽ നടത്തുന്നത്. നാവികസേനയും തെരച്ചിലിന്റെ ഭാഗമാവും.

Leave a Reply

Your email address will not be published. Required fields are marked *