തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് എം.ജി റോഡ് ജങ്ഷനിലെ ഡിവൈഡർ വീണ്ടും അപകടക്കെണിയാവുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ഒരു കാർ ഡിവൈഡറിലേക്ക് പാഞ്ഞുകയറി കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. കണ്ണൂർ ഭാഗത്തുനിന്നെത്തിയ കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം നിശ്ശേഷം തകർന്നു. ക്രെയിൻ ഉപയോഗിച്ച് കാർ പിന്നീട് മാറ്റി. ഒരാഴ്ചക്കുള്ളിൽ ഡിവൈഡറിൽ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. എം.ജി റോഡ് നവീകരണത്തിനിടയിൽ കോൺക്രീറ്റിലുള്ള പഴയ ഡിവൈഡർ പൊളിച്ച് പുതിയ ഡിവൈഡർ നിർമിച്ചതായിരുന്നു.
ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണം നടത്തിയത്. എന്നാൽ, ഡിവൈഡറിൽ റിഫ്ലക്ടർ സ്ഥാപിച്ചില്ല. ഇത് പഴയതുപോലെ വാഹനങ്ങൾക്ക് അപകടക്കുരുക്കായി മാറി. റിഫ്ലക്ടർ ഇല്ലാത്ത ഈ ഡിവൈഡറിൽ പാഞ്ഞുകയറി ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സഞ്ചരിച്ച കാർ ഡിവൈഡറിൽ പാഞ്ഞുകയറി തലനാരിഴക്കാണ് കുടുംബം രക്ഷപ്പെട്ടത്.
ലോറി, ബസ് ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങളും അപകടത്തിനിരയായി. ഡിവൈഡർ സ്ഥാപിച്ചത് മുതൽ ഇത് ശരിയായ വിധത്തിലല്ലെന്ന് ആക്ഷേപമുയർന്നിരുന്നു. ഡിവൈഡർ തിരിച്ചറിയാനുള്ള റിഫ്ലക്ടറുകളോ മറ്റു സൂചന ബോർഡുകളോ ഇല്ല. തലശ്ശേരി-കണ്ണൂർ ദേശീയപാതയിലെ പ്രധാന കവലയാണിത്. ദീർഘദൂര ബസുകൾ ഉൾപ്പെടെ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ഡിവൈഡർ പരിസരത്താണ്.