അച്ഛനെയും ഭർത്താവിനെയും നഷ്ടമായി; മകനെയെങ്കിലും എനിക്ക് തിരികെക്കിട്ടുമോ?’

കൊല്ലം ∙ നീണ്ടകരയിൽ വള്ളം മറിഞ്ഞ് അച്ഛനെയും ഭർത്താവിനെയും നഷ്ടപ്പെട്ട എസ്.രേഷ്മ കടലിൽ കാണാതായ മകൻ ഗൗതം കൃഷ്ണയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്ന് 13 ദിവസം.ബന്ധുക്കൾ നിർബന്ധിച്ചിട്ടും അന്നുമുതൽ അരിയാഹാരം കഴിച്ചിട്ടില്ല രേഷ്മ. മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളുമൊക്കെ വീട്ടിലെത്തി മടങ്ങുന്നു. അവരോടൊക്കെ സംസാരിക്കുമ്പോൾ രേഷ്മയുടെ വാക്കുകൾ കണ്ണീരിൽ മുറിയുന്നു.

ഇപ്പോൾ നടക്കുന്ന തിരച്ചിലിൽ തൃപ്തയാണ്. നേവിയും കോസ്റ്റ് ഗാർഡുമെല്ലാം തിരയുന്നുവെന്നറിഞ്ഞു. എനിക്കെന്റെ മകനെ കാണണം. അതാണ് എനിക്ക് സർക്കാർ ചെയ്തുതരേണ്ടത്. കലക്‌ടർ എന്നും വന്ന് കാര്യങ്ങൾ ധരിപ്പിക്കുന്നുണ്ട്.

∙വള്ളംമറിഞ്ഞ് ആദ്യ മണിക്കൂറുകളിൽ തിരച്ചിൽ നടന്നില്ല. ആദ്യ 3 ദിവസവും തിരച്ചിൽ കാര്യമായി നടന്നില്ല. അതാണ് പരാതി പറയേണ്ടിവന്നത്.വീടു വിറ്റാണ് ഞങ്ങൾ ഇൗ വള്ളം വാങ്ങിയത്. ഇപ്പോൾ എനിക്ക് കിടക്കാനിടമില്ല. അച്ഛനെയും ഭർത്താവിനെയും നഷ്ടപ്പെട്ടു. മകനെക്കുറിച്ച് ഒരു വിവരവുമില്ല. ഇനിയങ്ങോട്ട് എങ്ങനെ ജീവിക്കണമെന്നറിയില്ല. ഇളയമകന് ജോലി നൽകണമെന്നും ബാധ്യതകൾ തീർക്കാൻ സഹായിക്കണമെന്നും ഫിഷറീസ് മന്ത്രിയോട് അപേക്ഷിച്ചിട്ടുണ്ട്. സർക്കാർ സഹായിക്കുമെന്നു വിശ്വസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *