കോളേജ് കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്നും ചാടി നഴ്സിംഗ് വിദ്യാർത്ഥി ജീവനൊടുക്കി

 lതിരുവനന്തപുരം  മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യാശ്രമം നടത്തിയ മലയാളി വിദ്യാർഥിനി മരിച്ചു. നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനിയായ അൻസിജി (21) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കന്യാകുമാരി ജില്ലയിലെ കരുങ്കലിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ നഴ്‌സിങ് മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു ഇവർ. കോളേജിലെ അധ്യാപകരിൽ നിന്നും മാനേജ്‌മെന്റിൽ നിന്നുമുണ്ടായ രൂക്ഷമായ മാനസിക പീഡനമാണ് അൻസിജിയെ ഈ ജീവനൊടുക്കലിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. നേരത്തെ കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന അൻസിജി ഉൾപ്പെടെയുള്ള വിദ്യാർഥികൾ മോശം ഭക്ഷണത്തിനെതിരെ സമരം നടത്തിയിരുന്നു. ഇതേത്തുടർന്ന് സമരം ചെയ്ത വിദ്യാർഥികളെ കോളേജ് ഹോസ്റ്റലിൽ നിന്ന് അധികൃതർ പുറത്താക്കി. ഇതിനുശേഷം പുറത്തെ സ്വകാര്യ ഹോസ്റ്റലിൽ തങ്ങി പഠിച്ചുവന്ന വിദ്യാർഥികളെ അധ്യാപകരും മാനേജ്‌മെന്റും നിരന്തരം വേട്ടയാടുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പെൺകുട്ടിയുടെ രക്ഷിതാക്കൾ കരുങ്കൽ പോലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.കഴിഞ്ഞദിവസമാണ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് അൻസിജി താഴേക്ക് ചാടിയത്. കൈകാലുകൾക്കും ശരീരഭാഗങ്ങൾക്കും ഗുരുതരമായി ഒടിവുകളും പരിക്കുകളുമേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർഥിനിയെ ഉടൻ തന്നെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നിലവിൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, കുട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന വാദവുമായി കോളേജ് അധികൃതർ രംഗത്തെത്തി. വിദ്യാർഥിനി കോളേജിൽ വിലക്ക് ലംഘിച്ച് മൊബൈൽ ഫോണുമായി എത്തിയത് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും, തങ്ങൾക്കെതിരെ ഉയർന്നിട്ടുള്ള മറ്റു ആരോപണങ്ങളും പരാതികളും തികച്ചും അടിസ്ഥാനരഹിതമാണെന്നുമാണ് കോളേജ് മാനേജ്‌മെന്റിന്റെ വിശദീകരണം. പെൺകുട്ടിയുടെ ദുരൂഹ മരണത്തിൽ കോളേജ് പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പോലീസിനെ സമീപിച്ചിട്ടുണ്ട്. രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുങ്കൽ പോലീസ് കേസെടുക്കുകയും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *