ബിജെപിക്കു തന്നെ വേണ്ട എന്നു തോന്നിയതിനാലാണ് പാർട്ടിയിൽനിന്നു രാജി വയ്ക്കുന്നതെന്ന് നടൻ ദേവൻ. കേരള ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പ്രവർത്തിക്കാൻ ബിജെപിയിൽ ഇടം കിട്ടുന്നില്ല. രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കൾ ഫോൺകോളിനോ മെസേജിനോ പ്രതികരിക്കുക പോലും ചെയ്യുന്നില്ല. തന്നെ വൈസ് പ്രസിഡന്റ് പദത്തിൽനിന്നു മാറ്റിയിട്ട് അതൊന്ന് അറിയിക്കുക പോലും ചെയ്തില്ലെന്നും ദേവൻ പറയുന്നു.
പെട്ടെന്നല്ല. അഞ്ചാറു മാസമായി എന്റെയുള്ളിലുള്ള സംഗതിയാണിത്. എനിക്ക് ബിജെപിയോട് ഒരു അഭിപ്രായവ്യത്യാസവുമില്ല. പക്ഷേ കേരള ബിജെപിയുമായി എനിക്കൊരുപാട് അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്റെ ‘ലൈൻ ഓഫ് രാഷ്ട്രീയം’ ആയി എനിക്കു തോന്നിയില്ല.
2021 ൽ എന്റെ പാർട്ടി ബിജെപിയുമായി ലയിച്ച സമയത്ത് കുറെ കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും നടപ്പിലാക്കാൻ അവർക്കു താൽപര്യമുണ്ടായിരുന്നില്ല. എങ്കിലും ഞാൻ ഇതിനൊപ്പം നിന്നു. കാരണം നമ്മൾ ഇതിൽ ചേർന്ന സ്ഥിതിക്ക് പരമാവധി സത്യസന്ധമായി, ആത്മാർഥമായി പ്രവർത്തിച്ചു. എല്ലാ തിരഞ്ഞെടുപ്പിലും സജീവമായി നിന്നു.2023 ൽ എനിക്കു തന്ന വൈസ് പ്രസിഡന്റ് സ്ഥാനം 2024 ൽ തിരിച്ചെടുത്തു. പക്ഷേ അത് എന്നെ ഇതുവരെ അറിയിച്ചിട്ടില്ല. എങ്കിലും ഞാൻ റിയാക്ട് ചെയ്തില്ല. അതിനുശേഷം വന്ന തിരഞ്ഞെടുപ്പുകളിലെ പ്രചാരണത്തിലൊക്കെ പങ്കെടുത്തു. പക്ഷേ ഇങ്ങനെ പോയിട്ടു കാര്യമില്ലെന്ന് എനിക്കു തോന്നി. അവരൊരു സ്പേസ് തരുന്നില്ല. നമുക്കു വർക്ക് ചെയ്യാൻ ഒരു സ്പേസ് വേണ്ടേ, അതു കിട്ടുന്നില്ല. കഴിഞ്ഞ നാലഞ്ചു മാസമായി ഞാൻ ഇതിനെപ്പറ്റി ആലോചിക്കുകയായിരുന്നു. ഇതു ചർച്ച ചെയ്യാൻ രാജീവ് ചന്ദ്രശേഖറിനെ ഫോൺ ചെയ്തു. അദ്ദേഹം ഫോൺ എടുക്കില്ല. മെസേജ് അയച്ചിട്ട് അതിനും മറുപടിയില്ല. ഇങ്ങനെ എടുക്കാതിരിക്കുന്നതിന്റെ അർഥം എന്നെ വേണ്ട എന്നാണല്ലോ. എന്നെ ആവശ്യമുണ്ടെങ്കിൽ വിളിക്കില്ലേ.