പാകിസ്താനിലേക്ക് പോകൂ’ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ രാജു ഡേവിസ്

തൃശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മാള ഇന്റർനാഷണൽ സൈനിക് സ്കൂൾ ചെയർമാൻ രാജു ഡേവിസ്. പരാമർശത്തിനെതിരെ വലിയ തോതിൽ ജനരോഷവും പ്രതിഷേധവും ഉയർന്നതിന് പിന്നാലെയാണ് ശബ്ദസന്ദേശത്തിലൂടെയുള്ള ചെയർമാന്റെ ഖേദപ്രകടനം.

തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നതായി രാജു ഡേവിസ് പുതിയ സന്ദേശത്തിൽ വ്യക്തമാക്കി. ആരെയും മനഃപൂർവം വേദനിപ്പിക്കണമെന്ന ചിന്തയിൽ നടത്തിയ പരാമർശമല്ല. ചില വാക്കുകൾ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലാക്കുന്നതായും അദ്ദേഹം സന്ദേശത്തിൽ പറയുന്നു. നേരത്തെ, തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം പ്രതികരിച്ചിരുന്നെങ്കിലും സംഘടനകൾ നിയമനടപടിയിലേക്ക് നീങ്ങിയതോടെയാണ് നിലപാട് മാറ്റിയത്.

സ്കൂളിലെ വിദ്യാർഥികളുടെ മാതാപിതാക്കൾ ഉൾപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു രാജു ഡേവിസ് ആദ്യം വിവാദ സന്ദേശമയച്ചത്. ഒരു ലക്ഷം രൂപയിലധികം ചെലവഴിച്ച് നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തവർ പാകിസ്താനിലേക്ക് പോകണമെന്നും, അങ്ങനെയുള്ള കുട്ടികൾക്ക് ഇവിടെ ജീവിക്കാൻ പോലും അർഹതയില്ലെന്നുമായിരുന്നു ശബ്ദസന്ദേശം. പരിപാടിക്ക് എത്താതിരുന്നവർ കൃത്യമായ വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം ക്ലാസിൽ കയറ്റില്ലെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.

സംഭവം പുറത്തുവന്ന് വിവാദമായപ്പോഴും ചെയർമാൻ തന്റെ വാക്കുകളെ ന്യായീകരിക്കുകയാണ് ചെയ്തത്. സ്വാതന്ത്ര്യദിനത്തിൽ വരാത്ത കുട്ടികളോട് ശത്രുരാജ്യത്തേക്ക് പോകാനാണ് പറഞ്ഞതെന്നും അത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ഉദ്ദേശിച്ചല്ലെന്നുമായിരുന്നു വിശദീകരണം. ഇന്ത്യയുടെ ശത്രുരാജ്യമായതിനാലാണ് പാകിസ്താന്റെ പേര് പറഞ്ഞതെന്ന വിചിത്ര വാദവും അദ്ദേഹം ഉയർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *