ലക്‌നൗ: വെറും 16 രൂപയ്ക്ക് വസ്ത്രങ്ങൾ വാങ്ങാമെന്ന ഓഫർ സംഘർഷത്തിനിടയാക്കിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ആൻവാർഗഞ്ച് മേഖലയിലെ ആലം മാർക്കറ്റിലുള്ള റയീസ് ആലം എന്നയാളുടെ കടയിലാണ് ഓഫർ പ്രഖ്യാപനം വൻ തിക്കും തിരക്കിലും സംഘർഷത്തിലും കലാശിച്ചത്.
റയീസ് ആലം തന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഓഫർ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 16ന് അർദ്ധരാത്രിക്കുശേഷമുള്ള ആദ്യ 16 മിനിട്ടിൽ ഏത് വസ്ത്രവും വെറും 16 രൂപയ്ക്ക് വാങ്ങാമെന്നായിരുന്നു ഓഫർ. ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ ഇതിന്റെ പരസ്യവും പങ്കുവച്ചിരുന്നു. ഇതോടെ ഓഗസ്റ്റ് 15ന് രാത്രി 11 മണിയോടെ തന്നെ കടയ്ക്ക് മുന്നിൽ ആളുകൾ എത്തിത്തുടങ്ങി. ആളുകളുടെ എണ്ണം കൂടിയതോടെ പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കടയുടമയും മറ്റ് ജീവനക്കാരും പാടുപെട്ടു.
ഒടുവിൽ തിരക്ക് നിയന്ത്രിക്കാനായി കട അടച്ചതോടെ ജനക്കൂട്ടം പ്രതിഷേധിക്കുകയും കടയുടമയുമായി വാത്തുതർക്കമുണ്ടാവുകയും ചെയ്തു. സംഘർഷത്തിനിടെ ചിലർക്ക് പരിക്കേറ്റു. സ്ഥിതിഗതികൾ രൂക്ഷമായതോടെ ആൻവാർഗഞ്ച് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിന്ന് പൊലീസ് സ്ഥലത്തെത്തിയാണ് കാര്യങ്ങൾ വരുതിയിലാക്കിയത്. പിന്നാലെയാണ് പൊതുസമാധാനം തകർക്കുകയും ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുകയും ചെയ്തുവെന്നാരോപിച്ച് കടയുടമകളായ മുഹമ്മദ് ആലം, റയീസ് ആലം, സൽമാൻ ആലം എന്നിവർക്കെതിരെ കേസെടുത്തത്. സൽമാൻ ആലം അറസ്റ്റിലായി. ഒളിവിൽപ്പോയ മറ്റ് രണ്ടുപേർക്കുമായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.