കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ആയതും, പ്രകോപനമില്ലാതെ മനുഷ്യനെയോ, മൃഗങ്ങളെയോ, കടിക്കുന്നതോ, അക്രമിക്കാൻ മുതിരുന്നതോ ആയ നായകളെ ദയാവധം ചെയ്യാം.ഇതിനായി തദ്ദേശ സ്വയംഭരണ തലത്തിൽ കമ്മിറ്റി രൂപീകരിക്കണം..അക്രമകാരികളായതും, ചികിൽസിച്ചാൽ ഭേദമാകാത്തതും, പേവിഷബാധയുള്ളതുമായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനായി 22/08/2026 ലെ 116/2026/LSGD ഉത്തരവ് പ്രകാരം സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
മാനദണ്ഡങ്ങൾ
1. ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത നായ്ക്കൾ
2. ഗുരുതരമായി പരുക്കേറ്റ നായ്ക്കൾ
3. പേ വിഷബാധയുള്ളതോ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതോ ആയവ.
4. ആക്രമണകാരികൾ.
നായ്ക്കളെ യന്ത്രം ഉപയോഗിച്ച് കൊല്ലാൻ പാടില്ല. സോഡിയം പെന്റോ ബാർബിറ്റൽ, തയോ പെന്റാൽ സോഡിയം എന്നിവ മാത്രമേ കുത്തിവെക്കാൻ പാടുള്ളൂ. ദയാവധത്തിന് നായ്ക്കളെ പിടികൂടിയ ശേഷം മൂന്നുനാൾ ഐസൊലേഷൻ സെല്ലിൽ പാർപ്പിക്കണം. ആരെങ്കിലും ഏറ്റെടുക്കാൻ തയ്യാറുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമായിരിക്കണം ദയാവധമെന്നും മാർഗനിർദേശത്തിലുണ്ട്. കൂടാതെ, നായ്ക്കളുടെ വിശദ രജിസ്റ്റർ സൂക്ഷിക്കുകയും ക്യാപ്ചർ മാപ് തയ്യാറാക്കുകയും വേണമെന്നും വ്യക്തമാക്കുന്നുണ്ട്.