19-ാം വയസിൽ ഇന്ത്യയുടെ സൗന്ദര്യറാണി: മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം ചൂടി മലയാളി പെൺകുട്ടി കെസിയ ലിസ് മെജോ

കൊച്ചി: ദേശീയ സൗന്ദര്യവേദിയിൽ കേരളത്തിന്‍റെ അഭിമാനം വാനോളമുയർത്തി മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോ. ജയ്പൂരിലെ സീ സ്റ്റുഡിയോസിൽ ഗ്ലാമാനന്ദ് ഗ്രൂപ്പ് സംഘടിപ്പിച്ച ‘മിസ് യൂണിവേഴ്സ് ഇന്ത്യ 2026’ ഗ്രാൻഡ് ഫിനാലെയിൽ 52 മത്സരാർത്ഥികളെ പിന്നിലാക്കിയാണ് ഈ 19-കാരി ഇന്ത്യയുടെ സൗന്ദര്യകിരീടം ചൂടിയത്. കഴിഞ്ഞ വർഷത്തെ വിജയി മണിക വിശ്വകർമ കെസിയയെ കിരീടമണിയിച്ചു.

വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് ആഗോള മത്സരത്തിൽ കെസിയ ഇന്ത്യയെ പ്രതിനിധീകരിക്കും. തമിഴ്‌നാടിന്‍റെ വൈഷ്ണവി ഗണേഷ് ഒന്നാം റണ്ണറപ്പായും ഗുജറാത്തിന്‍റെ അനുശ്രീ സതാവ്ലേക്കർ രണ്ടാം റണ്ണറപ്പായും  തെരഞ്ഞെടുക്കപ്പെട്ടു. കെസിയയെ കൃത്യമായി പരിശീലിപ്പിച്ച് വിജയിയാക്കിയ മിസ് യൂണിവേഴ്സ് കേരള ഓർഗനൈസേഷൻ സ്റ്റേറ്റ് ഡയറക്ടറും നടിയുമായ അർച്ചന രവി ‘ബെസ്റ്റ് മിസ് യൂണിവേഴ്‌സ് സ്റ്റേറ്റ് ഡയറക്ടർ’ പുരസ്കാരം നേടി.

മാവേലിക്കര സ്വദേശികളായ മെജോ എബ്രഹാമിന്‍റെയും സുജ മെജോയുടെയും മകളായ കെസിയ നിലവിൽ ബംഗളൂരുവിൽ നിയമവിദ്യാർത്ഥിനിയാണ്. 2024-ൽ മിസ് ടീൻ ദിവ പട്ടവും 2025-ൽ മിസ് ടീൻ ഇന്‍റർനാഷണലിൽ ഒന്നാം റണ്ണറപ്പ് പദവിയും ഇവർ കരസ്ഥമാക്കിയിട്ടുണ്ട്. ആത്മവിശ്വാസവും ഉള്ളിലെ സംശയങ്ങളെ മറികടക്കാനുള്ള മനസ്സാന്നിധ്യവുമാണ് വെറും 19-ാം വയസിൽ ഇത്രയും വലിയൊരു ദേശീയ വേദിയിൽ വിജയം നേടാൻ സഹായിച്ചതെന്ന് കെസിയ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *