വെനസ്വേല ഭൂകമ്പം; മരണം 6,500 കടന്നു

വെനസ്വേലയെ പിടിച്ചുകുലുക്കിയ ശക്തമായ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 6,509 ആയി ഉയർന്നതായി ഔദ്യോഗിക സ്ഥിരീകരണം. വടക്കൻ-മധ്യ വെനസ്വേലയിലും വടക്കുപടിഞ്ഞാറൻ മേഖലയിലുമായി വെറും 30 സെക്കൻഡിന്റെ വ്യത്യാസത്തിലാണ് ഭൂകമ്പ മാപിനിയില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായത്. ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും 17,000 നും 29,500 നും ഇടയിൽ ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സൂചന. രാജ്യത്തുടനീളം 2,26,696 പേരെ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 6,462 പേരെ ജീവനോടെ പുറത്തെടുത്തു.

തീരദേശ സംസ്ഥാനമായ ലാ ഗ്വൈറയിലാണ് ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഇവിടെ 80 ശതമാനത്തോളം കെട്ടിടങ്ങൾ തകർന്നു വീണു. രാജ്യത്താകെ 60,000 ത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഭൂകമ്പം മൂലമുണ്ടായ നേരിട്ടുള്ള ഭൗതിക നഷ്ടം 19.6 ബില്യൺ ഡോളറാണെന്ന് ലോകബാങ്ക് കണക്കാക്കുന്നു. പൂർണമായ പുനർനിർമ്മാണത്തിന് 50 ബില്യൺ ഡോളറിലധികം ചെലവ് വരുമെന്നാണ് വിലയിരുത്തൽ.

ദുരന്തമേഖലകളിൽ നിന്ന് ഇതുവരെ ആറ് ലക്ഷത്തിലധികം ടൺ അവശിഷ്ടങ്ങൾ നീക്കം ചെയ്തു. വീടുകൾ നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ആളുകൾ താൽക്കാലിക ക്യാമ്പുകളിലാണ് കഴിയുന്നത്. ഭവനരഹിതരായവർക്ക് വാടക വീടുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി സർക്കാർ അടിയന്തര നിയമനിർമ്മാണം നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *