പോഷകങ്ങളുടെ കലവറയാണ് ബീറ്റ്‌റൂട്ട്; പക്ഷേ, പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധവേണം

ആരോഗ്യ സംരക്ഷണത്തിലും സൗന്ദര്യവർധനവിലും ബീറ്റ്‌റൂട്ടിനുള്ള പങ്ക് ചെറുതൊന്നുമല്ല. രക്തയോട്ടം വർധിപ്പിക്കാനും, ബിപി കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ഈ ചുവന്ന കിഴങ്ങ്. വീടുകളിൽ സലാഡായും ജ്യൂസായും പച്ചയ്ക്ക് ബീറ്റ്‌റൂട്ട് കഴിക്കുന്നത് സർവസാധാരണമാണ്. എന്നാൽ, ഈ ശീലം എല്ലാവർക്കും ഒരുപോലെ സുരക്ഷിതമാണോ?

ഹോളിസ്റ്റിക് ഹെൽത്ത് ന്യൂട്രീഷ്യനിസ്റ്റായ ഖുഷി ഛബ്ര അടുത്തിടെ പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, ബീറ്റ്‌റൂട്ട് പച്ചയ്ക്ക് കഴിക്കുന്നത് എല്ലാവരുടെയും ആരോഗ്യത്തിന് നല്ലതാകണമെന്നില്ല. പ്രത്യേകിച്ച് വൃക്കസംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ഇത് ചില ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.

∙ പച്ചയ്ക്ക് കഴിക്കുമ്പോഴുള്ള വെല്ലുവിളി

ബീറ്റ്‌റൂട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ‘ഓക്സലേറ്റുകൾ’ ആണ് ഇവിടെ വില്ലനാകുന്നത്. സ്വാഭാവികമായി സസ്യങ്ങളിൽ കാണപ്പെടുന്ന ഒരു സംയുക്തമാണ് ഓക്സലേറ്റ്. പച്ചയ്ക്ക് ബീറ്റ്‌റൂട്ട് സ്ഥിരമായി കഴിക്കുമ്പോൾ ശരീരത്തിൽ ഓക്സലേറ്റിന്റെ അളവ് വല്ലാതെ കൂടുന്നു.മൂത്രത്തിലുള്ള കാൽസ്യവുമായി ഈ ഓക്സലേറ്റുകൾ കൂടിച്ചേരുമ്പോൾ ‘കാൽസ്യം ഓക്സലേറ്റ്’ പരലുകൾ രൂപപ്പെടുകയും ഇത് വൃക്കകളിൽ കല്ല് ഉണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു. 100 ഗ്രാം ബീറ്റ്‌റൂട്ടിൽ ഏകദേശം 500 മുതൽ 650 മില്ലിഗ്രാം വരെ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ടെന്നാണ് ലേസർ കിഡ്നി സ്റ്റോൺ ക്ലിനിക്കിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നത്. മുൻപ് കിഡ്നി സ്റ്റോൺ വന്നിട്ടുള്ളവരോ, വൃക്കസംബന്ധമായ രോഗങ്ങളുള്ളവരോ പച്ച ബീറ്റ്‌റൂട്ട് കഴിക്കുന്നത് തീർച്ചയായും നിയന്ത്രിക്കേണ്ടതുണ്ട്.

 ഗുണങ്ങൾ നശിക്കാതെ എങ്ങനെ കഴിക്കാം?

ബീറ്റ്‌റൂട്ട് നൽകുന്ന ഹൃദയാരോഗ്യവും മറ്റ് ഗുണങ്ങളും ഉപേക്ഷിക്കാതെ തന്നെ, ഓക്സലേറ്റിന്റെ അളവ് കുറച്ച് ഇത് എങ്ങനെ ഭക്ഷണത്തിൽ ഉൾപ്പെടുത്താമെന്ന് ഖുഷി ഛബ്ര വ്യക്തമാക്കുന്നു.

1. ആവിയിൽ വേവിക്കുക: ബീറ്റ്‌റൂട്ട് ആവിയിൽ വേവിക്കുന്നതിലൂടെ അതിലെ ഓക്സലേറ്റിന്റെ അളവ് സ്വാഭാവികമായി കുറയുന്നു.

2. തൈരുമായി ചേർക്കുക: തൈരിലെ കാൽസ്യം ബീറ്റ്‌റൂട്ടിലെ ഓക്സലേറ്റുമായി ചേർന്ന് അതിനെ വയറ്റിൽ വച്ച് തന്നെ തടയുന്നു. ഇത് രക്തത്തിലേക്ക് ഓക്സലേറ്റ് ആഗിരണം ചെയ്യപ്പെടുന്നത് തടയും.

3. ജീരകവും നാരങ്ങാനീരും: ദഹനം മെച്ചപ്പെടുത്താനും രക്തസമ്മർദം ക്രമീകരിക്കാനും സഹായിക്കുന്നു.

രുചികരവും സുരക്ഷിതവുമായ ‘ബീറ്റ്‌റൂട്ട് റൈത്ത’

ബീറ്റ്‌റൂട്ടിന്റെ പോഷകങ്ങൾ പൂർണമായി ശരീരത്തിന് ലഭിക്കാനും കിഡ്നി സ്റ്റോൺ സാധ്യത ഒഴിവാക്കാനും ഏറ്റവും അനുയോജ്യമായ വിഭവം ‘ബീറ്റ്‌റൂട്ട് റൈത്ത’യാണ്.

തയാറാക്കേണ്ട രീതി: ബീറ്റ്‌റൂട്ട് നന്നായി ആവിയിൽ വേവിച്ചെടുത്ത ശേഷം ചിരകിയെടുക്കുക.

മിശ്രിതം: ചിരകിയ ബീറ്റ്‌റൂട്ട് നല്ല കട്ടത്തൈരുമായി തണുപ്പിച്ച് യോജിപ്പിക്കുക.

സുഗന്ധവ്യഞ്ജനങ്ങൾ: ഇതിലേക്ക് വറുത്തുപൊടിച്ച ജീരകവും അൽപം നാരങ്ങാനീരും ചേർക്കുക.

ഈ രീതിയിൽ കഴിക്കുമ്പോൾ ബീറ്റ്‌റൂട്ടിലുള്ള നൈട്രേറ്റുകൾ രക്തസമ്മർദം കുറയ്ക്കാനും, തൈരിലെ പ്രോബയോട്ടിക്സ് കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

ഏതൊരു ഭക്ഷണപദാർഥവും അമിതമാകുന്നതും തെറ്റായ രീതിയിൽ കഴിക്കുന്നതും ദോഷം ചെയ്യും. ആരോഗ്യപ്രദമെന്ന് കരുതി പച്ചയ്ക്ക് ബീറ്റ്‌റൂട്ട് ജ്യൂസടിച്ചോ സലാഡായോ അമിതമായി കഴിക്കുന്നതിന് പകരം, വേവിച്ച് തൈരുമായി ചേർത്ത് കഴിക്കുന്ന ശീലം വളർത്തിയെടുക്കാം. ഇത് വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം ബീറ്റ്‌റൂട്ടിന്റെ മുഴുവൻ ഗുണങ്ങളും ശരീരത്തിന് നൽകുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *